കാൽഗറിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നാല് വ്യത്യസ്ത വെടിവെയ്പ്പുകൾ റിപ്പോർട്ട് ചെയ്തതായി പോലീസ് . രാജ്യം നാഷണൽ ഡേ എഗൻസ്റ്റ് വയലൻസ് ആചരിച്ച വെള്ളിയാഴ്ചയ്ക്ക് ശേഷമാണ് ഈ അക്രമസംഭവങ്ങളെല്ലാം അരങ്ങേറിയത് എന്നത് അധികൃതരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഞായറാഴ്ച പുലർച്ചെ 3:30 ഓടെ വടക്കുകിഴക്കൻ കാൽഗരിയിലെ 104 അവന്യൂവിലാണ് നാലാമത്തെ വെടിവെയ്പ്പ് നടന്നത്. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെയും രാത്രിയിലുമായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെടിവെയ്പ്പുകളിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച പുലർച്ചെ ഡൗൺടൗൺ മേഖലയിലെ ഒരു പാലത്തിനടിയിൽ വെച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മറ്റൊരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ തൻ്റെ സാധനങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുള്ളത്. നിലവിൽ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആരും കസ്റ്റഡിയിലായിട്ടില്ലെങ്കിലും, പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് വ്യക്തമാക്കിയ പോലീസ്, അക്രമങ്ങളെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അധികൃതരെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.