മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറയുമായി കടന്നുചെല്ലുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേരള പോലീസ് 

By: 600002 On: Jun 8, 2026, 10:57 AM

 

സമൂഹമാധ്യമങ്ങളില്‍ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, വ്യക്തിപരമായ ദുഃഖങ്ങള്‍ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന 'സ്വകാര്യതയ്ക്കുള്ള അവകാശത്തിന്' എതിരാണെന്ന് പൊലീസ് ഓര്‍മ്മിപ്പിച്ചു. ഐടി നിയമം സെക്ഷന്‍ 66E പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.