പി പി ചെറിയാന്‍
അരിസോണ: പ്രശസ്തമായ ഗ്രാന്‍ഡ് കാന്യന്‍ ദേശീയ പാര്‍ക്കില്‍ ട്രെക്കിംഗിനിടെ കടുത്ത ചൂട് മൂലം 18-കാരന്‍ മരിച്ചു. ബുധനാഴ്ച പാര്‍ക്കിലെ ഏറ്റവും പ്രശസ്തമായ 'ബ്രൈറ്റ് ഏഞ്ചല്‍ ട്രയല്‍' പാതയിലാണ് സംഭവം നടന്നത്.
ഉച്ചയ്ക്ക് 1.40 ഓടെയാണ് കടുത്ത ചൂട് കാരണം യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി പാര്‍ക്ക് അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും മലയിടുക്കിന്റെ ഉള്‍ഭാഗത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കന്യന്റെ മുകള്‍ഭാഗത്തുനിന്നും കൊളറാഡോ നദി വരെ ഒറ്റ ദിവസം കൊണ്ട് നടന്നു മടങ്ങാനുള്ള യാത്രയ്ക്കിടയിലാണ് അപകടം.
വലിയ ദൂരവും കടുത്ത താപനില വ്യതിയാനവുമുള്ള ഈ പാതയിലൂടെ ഒറ്റ ദിവസം കൊണ്ട് താഴേക്ക് പോയി മടങ്ങിവരുന്നത് അപകടകരമാണെന്ന് പാര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു.