പി പി ചെറിയാന്‍
കാനഡ: ഒട്ടാവയിലുള്ള ഒരു പാര്‍ക്കിലൂടെ സൈക്കിള്‍ ചവിട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14-കാരനെ മൂന്ന് കോയോട്ടികള്‍ (ഒരിനം കാട്ടുനായ്ക്കള്‍) ചേര്‍ന്ന് ആക്രമിച്ചു. ഒട്ടാവയുടെ പ്രാന്തപ്രദേശമായ ഓര്‍ലിയന്‍സിലെ ലാലന്‍ഡെ കണ്‍സര്‍വേഷന്‍ പാര്‍ക്കില്‍ ജൂണ്‍ 4-നാണ് സംഭവം നടന്നത്.
രാത്രി 8:30 ഓടെ പാര്‍ക്കിലൂടെ പോവുകയായിരുന്ന കുട്ടിയെ മൃഗങ്ങള്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ഒരു കോയോട്ടി കുട്ടിയുടെ ഷൂസിലും മറ്റൊന്ന് കാലിലും കടിച്ചുപിടിച്ചു. തന്റെ സൈക്കിളും ഹെല്‍മെറ്റും നേരെ എറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരക്കാരന്‍ ഒടുവില്‍ സമീപത്തെ സ്‌കൂള്‍ മതില്‍ ചാടിക്കടന്നാണ് ജീവന്‍ രക്ഷിച്ചത്. കാലിന് പരിക്കേറ്റ കുട്ടിയെ ഈസ്റ്റേണ്‍ ഒന്റാരിയോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലിന്റെ ഭാഗമായി പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവെപ്പും നല്‍കിയിട്ടുണ്ട്.
ഈ പ്രദേശത്ത് കോയോട്ടികളുടെ താവളമുണ്ടെന്നും അധികൃതര്‍ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഒട്ടാവ നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വന്യജീവി വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോയോട്ടികളെ കണ്ടാല്‍ ഭയന്നോടരുതെന്നും, കൈകള്‍ വീശിയും വലിയ ശബ്ദമുണ്ടാക്കിയും അവയെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.