പി പി ചെറിയാന്‍
വെര്‍ജീനിയ: ഭാര്യയെയും മറ്റൊരു നിരപരാധിയായ യുവാവിനെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായ യുഎസ് പൗരന്‍ ബ്രണ്ടന്‍ ബാന്‍ഫീല്‍ഡിന് പാരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വെര്‍ജീനിയ കോടതിയാണ് വെള്ളിയാഴ്ച ഈ കഠിനശിക്ഷ വിധിച്ചത്. പ്രതിയുടെ ക്രൂരതയും ആസൂത്രണവും വെറും ദേഷ്യത്തില്‍ നിന്നല്ല, മറിച്ച് ശുദ്ധമായ തിന്മയില്‍ നിന്ന് ഉണ്ടായതാണെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി വ്യക്തമാക്കി.
കുട്ടിയെ നോക്കാന്‍ വീട്ടില്‍ നിര്‍ത്തിയിരുന്ന പെണ്‍കുട്ടിയുമായി പ്രതിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹമോചനം നേടിയാല്‍ വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും മകളുടെ സംരക്ഷണാവകാശം നഷ്ടപ്പെടുമെന്നും ഭയന്നാണ് ബ്രണ്ടന്‍ ഭാര്യ ക്രിസ്റ്റീനെ വധിക്കാന്‍ പദ്ധതിയിട്ടത്. ഇതിനായി ഒരു വ്യാജ ഓണ്‍ലൈന്‍ പ്രൊഫൈല്‍ നിര്‍മ്മിച്ച് ജോസഫ് റയാന്‍ എന്ന യുവാവിനെ ലൈംഗിക ആവശ്യത്തിനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി.
2023 ഫെബ്രുവരിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെത്തിയ ജോസഫിനെ ബ്രണ്ടന്‍ വെടിവെച്ചു കൊന്നു. തുടര്‍ന്ന് ഭാര്യ ക്രിസ്റ്റീനെ കഴുത്തില്‍ ഏഴുതവണ കുത്തിക്കൊല്ലുകയും ചെയ്തു. ജോസഫ് ഭാര്യയെ ആക്രമിച്ചപ്പോള്‍ പ്രതിരോധിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും മൃതദേഹങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി പൊലീസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചു. കേസില്‍ ബ്രണ്ടനെ സഹായിച്ച വീട്ടുജോലിക്കാരിക്ക് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.