മറ്റ് പ്രവിശ്യകളിൽ നിന്നുള്ള കുടിയേറ്റം: ആൽബെർട്ട വീണ്ടും ഒന്നാം സ്ഥാനത്ത്

By: 600110 On: Jun 8, 2026, 5:57 AM

 

കാനഡയിൽ മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ആളുകൾ ഏറ്റവും കൂടുതൽ കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്ന ജനപ്രിയ പ്രവിശ്യയായി വീണ്ടും ആൽബർട്ട. പ്രമുഖ ഗവേഷണ സ്ഥാപനമായ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ 30 വർഷത്തിനിടെ 5,38,824 ആളുകളാണ് മറ്റ് കനേഡിയൻ പ്രവിശ്യകളിൽ നിന്ന് മാത്രമായി ആൽബർട്ടയിലേക്ക് താമസം മാറിയത്. ഇത് രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടീഷ് കൊളംബിയയേക്കാൾ ഇരട്ടിയിലധികമാണ്.

ആൽബർട്ടയുടെ ഈ അഭൂതപൂർവ്വമായ ജനസംഖ്യാ വളർച്ചയിൽ എല്ലാ പ്രായത്തിലുള്ളവരും ഉൾപ്പെടുന്നുണ്ടെങ്കിലും, യുവാക്കളുടെ പങ്കാളിത്തമാണ് ഏറ്റവും ശ്രദ്ധേയം. 18-നും 24-നും ഇടയിൽ പ്രായമുള്ള 1,92,329 യുവാക്കളാണ് ഈ കാലയളവിൽ പ്രവിശ്യയിലേക്ക് എത്തിയത്. വിദ്യാർത്ഥികളും, പഠനം കഴിഞ്ഞിറങ്ങിയവരും, തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുന്നവരുമായ ഈ വിഭാഗം വരും ദശകങ്ങളിൽ ആൽബർട്ടയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുമെന്നാണ് വിലയിരുത്തൽ.

മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആൽബർട്ടയിലുള്ള മികച്ച തൊഴിലവസരങ്ങൾ, ഉയർന്ന വേതനം, താരതമ്യേന കുറഞ്ഞ നികുതി നിരക്കുകൾ എന്നിവയാണ് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഭവന ലഭ്യതയും മികച്ച ജീവിതസാഹചര്യങ്ങളും ഇതിന് ആക്കം കൂട്ടുന്നു. ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് 2015-നും 2020-നും ഇടയിൽ ഇവിടുത്തെ കുടിയേറ്റത്തിൽ നേരിയ കുറവുണ്ടായെങ്കിലും, 2021-ന് ശേഷം ശക്തമായ തിരിച്ചുവരവാണ് ആൽബർട്ട നടത്തിയത്. എനർജി, കൺസ്ട്രക്ഷൻ, സർവീസ് മേഖലകളിലെ മുന്നേറ്റം ഫോർട്ട് മക്മറെ, വുഡ് ബഫല്ലോ തുടങ്ങിയ പ്രദേശങ്ങളിലേക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളെ വൻതോതിൽ ആകർഷിക്കുന്നുണ്ട്.

ആൽബെർട്ടയ്ക്ക് തൊട്ടുപിന്നിലുള്ള ബ്രിട്ടീഷ് കൊളംബിയ 2,14,883 ആളുകളുടെ വർദ്ധനവോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, വലിയ പ്രവിശ്യകളായ ക്യൂബെക്കിനും ഒൻ്റാരിയോയ്ക്കും വൻ തിരിച്ചടിയാണ് നേരിട്ടത്. ക്യൂബെക്കിന് 2,55,988 താമസക്കാരെയും ഒൻ്റാരിയോയ്ക്ക് 1,68,166 താമസക്കാരെയുമാണ് ഇക്കാലയളവിൽ നഷ്ടപ്പെട്ടത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ, മാനിറ്റോബ, സസ്‌കാച്ചെവൻ എന്നീ ചെറിയ പ്രവിശ്യകൾക്ക് തങ്ങളുടെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം ആളുകളെ നഷ്ടമായിട്ടുണ്ട്.