ആൽബർട്ടയിൽ ആംബുലൻസ് ക്ഷാമം രൂക്ഷം. ഇതേ തുടർന്ന് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് പൊട്ടി കനത്ത രക്തസ്രാവമുണ്ടായ വ്യക്തിക്ക് ടാക്സിയിൽ ആശുപത്രിയിലേക്ക് പോകേണ്ടി വന്നു. ആൽബെർട്ട പ്രവിശ്യയിലെ അടിയന്തര ആരോഗ്യ സംവിധാനങ്ങളുടെ പോരായ്മകളും ആംബുലൻസ് ക്ഷാമവും തുറന്നുകാട്ടുന്നതാണ് എഡ്മൻ്റൺ സ്വദേശിയായ ബ്രൂസ് ടുച്ചസെൻ്റെ ഈ അനുഭവം.
കഴിഞ്ഞ മെയ് 11-നായിരുന്നു ബ്രൂസിൻ്റെ ശസ്ത്രക്രിയ. മെയ് 30-ന് അബദ്ധത്തിൽ മുട്ട് മേശപ്പുറത്ത് തട്ടിയതിനെ തുടർന്ന് തുന്നലുകൾ പൊട്ടി കനത്ത രീതിയിൽ രക്തസ്രാവമുണ്ടായി. ഉടൻ തന്നെ പങ്കാളി 911 എന്ന എമർജൻസി നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും, ആംബുലൻസ് എത്താൻ ആറ് മണിക്കൂർ വരെ സമയമെടുക്കുമെന്നായിരുന്നു മറുപടി. വേണമെങ്കിൽ ടാക്സിയിൽ ആശുപത്രിയിലേക്ക് വരാമെന്നും കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചു.
മറ്റൊരു വഴിയുമില്ലാത്തതിനാൽ മുറിവ് ടവ്വലുകൾ കൊണ്ട് ചുറ്റിക്കെട്ടി ബ്രൂസ് ടാക്സിയിലാണ് എമർജൻസി വാർഡിലെത്തിയത്. ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ ഡോക്ടർമാർ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ടാക്സി യാത്രയ്ക്കിടയിൽ കൂടുതൽ രക്തം നഷ്ടപ്പെട്ടിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ബ്രൂസ് പിന്നീട് ആശങ്കയോടെ പ്രതികരിച്ചു.
ആശുപത്രികളിലെ അമിതമായ തിരക്ക് കാരണം രോഗികളെ പ്രവേശിപ്പിക്കാൻ ബെഡുകൾ ലഭിക്കാതെ ആംബുലൻസുകൾ എമർജൻസി വിഭാഗങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. ഇതാണ് ആംബുലൻസുകൾ യഥാസമയം ലഭ്യമാകാത്തതിന് പ്രധാന കാരണം. ആംബുലൻസുകളുടെ കുറവ് പരിഹരിക്കാൻ 2022 ഡിസംബർ മുതൽ ഗുരുതരമല്ലാത്ത രോഗികൾക്കായി ആൽബെർട്ടയിൽ ടാക്സി സർവീസുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, തൻ്റെ അവസ്ഥ ഏറെ ഗുരുതരമായിരുന്നിട്ടും അധികൃതർ ടാക്സിയെ ആശ്രയിക്കാൻ പറഞ്ഞത് ആൽബെർട്ടയിലെ ആരോഗ്യ പരിപാലന രംഗം നേരിടുന്ന കടുത്ത സമ്മർദ്ദത്തിൻ്റെ തെളിവാണെന്ന് ബ്രൂസ് ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവം കാനഡയിലെ ആരോഗ്യ പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്.