ക്യൂബയിലേക്കുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് സൺവിങ്, വെസ്റ്റ്ജെറ്റ് കമ്പനികൾ

By: 600110 On: Jun 8, 2026, 5:46 AM

 

പ്രമുഖ കനേഡിയൻ ട്രാവൽ കമ്പനികളായ സൺവിങ് വെക്കേഷൻസും വെസ്റ്റ്ജെറ്റ് വെക്കേഷൻസും ക്യൂബയിലേക്കുള്ള തങ്ങളുടെ എല്ലാ സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. ഇതോടെ ക്യൂബയിലേക്ക് യാത്ര പ്ലാൻ ചെയ്തിരുന്ന നിരവധി കനേഡിയൻ സഞ്ചാരികളുടെ യാത്രകൾ മുടങ്ങും. അമേരിക്കൻ ഉപരോധങ്ങളെത്തുടർന്ന് ക്യൂബ ഇപ്പോൾ കടുത്ത ഊർജ്ജ-സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. ക്യൂബയിലെ പലയിടങ്ങളിലും ഭക്ഷണത്തിനും വൈദ്യുതിക്കും ക്ഷാമം നേരിടുന്നുണ്ട്. ഇതേ തുടർന്നാണ് സൺവിങ് വെക്കേഷൻസ്, വെസ്റ്റ്ജെറ്റ് വെക്കേഷൻസ്, വെസ്റ്റ്ജെറ്റ് വെക്കേഷൻസ് ക്യൂബ എന്നിവയുൾപ്പെടുന്ന സൺവിങ് വെക്കേഷൻസ് ഗ്രൂപ്പ് വെള്ളിയാഴ്ച ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്. 

നേരത്തെ ഒക്ടോബർ വരെയാണ് സർവീസുകൾ നിർത്തിവെച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകൾ ഉണ്ടായിരിക്കില്ല.നിലവിൽ യാത്രകൾ ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കളെ കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും, അവർക്ക് തുക പൂർണ്ണമായി തിരികെ നൽകുകയോ അല്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് യാത്ര മാറ്റാനുള്ള അവസരം നൽകുകയോ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ക്യൂബ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും വൈദ്യുതി ദൗർലഭ്യവുമാണ് വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചത്. ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ് കാനലിനും കുടുംബത്തിനുമെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. 

ഇന്ധന ഇറക്കുമതി തടസ്സപ്പെട്ടതോടെ രാജ്യത്ത് ഉടനീളം വൻതോതിൽ വൈദ്യുതി തടസ്സവും ഭക്ഷണക്ഷാമവും നേരിടുന്നുണ്ട്. കനേഡിയൻ വിനോദസഞ്ചാരികളുടെ പ്രധാന താവളങ്ങളിലൊന്നായ ക്യൂബയ്ക്ക് ഈ തീരുമാനം വൻ തിരിച്ചടിയാകും. വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നത് ക്യൂബയുടെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.