പി പി ചെറിയാന്‍
ഒഹായോ: ശനിയാഴ്ച വൈകുന്നേരം 5:30 ന് ഒഹായോയിലുള്ള ടോളിഡോയില്‍ വേനല്‍ക്കാല ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പില്‍ ചുരുങ്ങിയത് 12 പേര്‍ക്ക് പരിക്കേറ്റു. പരസ്പരം വെടിയുതിര്‍ത്ത രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പരിക്കേറ്റവരില്‍ 14 വയസ്സുകാരന്‍ മുതല്‍ 61 വയസ്സുള്ളയാള്‍ വരെ ഉള്‍പ്പെടുന്നു. ഇതില്‍ ഭൂരിഭാഗവും ഇരുപതുകളിലുള്ള യുവാക്കളാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
ടോളിഡോയിലെ പ്രശസ്തമായ 'ഓള്‍ഡ് വെസ്റ്റ് എന്‍ഡ് ഫെസ്റ്റിവലിന്' സമീപമാണ് വെടിവെപ്പുണ്ടായത്. നൂറുകണക്കിന് ആളുകള്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷയ്ക്കായി ഉത്സവ നഗരിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു.
വര്‍ഷങ്ങളായി സമാധാനപരമായി നടന്നുപോരുന്ന ജനപ്രിയ ഉത്സവത്തെ തകര്‍ക്കാന്‍ ശ്രമിച്ച അക്രമികളുടെ പ്രവര്‍ത്തനം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് ജോസഫ് ഹെഫെര്‍നന്‍ പ്രതികരിച്ചു. സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഒഹായോ ഗവര്‍ണര്‍ മൈക്ക് ഡിവിന്‍, കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കി.