മലയാളത്തിന്റെ മഹാ നടൻ നെടുമുടി വേണു വിട വാങ്ങി

By: 600007 On: Oct 11, 2021, 8:28 AM

മലയാളത്തിന്റെ അതുല്യ നടൻ നെടുമുടി വേണു(കേശവൻ വേണുഗോപാൽ) അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. 500 ൽ അധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. തിരുവന്തപുരത്തെ കിംസ് ആശുപത്രിയിൽ കഴിഞ്ഞ നാലു ദിവസമായി ചികിത്സയിൽ ആയിരുന്നു. ഒൻപത് ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 3 ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. നാടന്‍ പാട്ടിലും കഥകളിയിലും നാടകത്തിലും മൃദംഗത്തിലും കഴിവുതെളിയിച്ച കലാകാരന്‍ ആയിരുന്നു നെടുമുടി വേണു. 

നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ കഥാപാത്രങ്ങളെ കൊണ്ട് മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിന്ന പ്രതിഭയായിരുന്നു നെടുമുടി വേണു. ടി.ആര്‍. സുശീലയാണ് ഭാര്യ. മക്കള്‍-കണ്ണന്‍, ഉണ്ണി.

1948 മെയ് 22-ന് ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി ജനനം. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങള്‍ എഴുതുമായിരുന്നു. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു. 

അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന്‍ പവിത്രന്‍, മംഗളം നേരുന്നു, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ അക്കരെ , ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്ത്, പെരുംതച്ചന്‍, ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടര്‍ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്‍, ശ്രീരാഗം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമണിഞ്ഞു.  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് അവസാനമായി അഭിനയിച്ച ചിത്രം. 

മലയാളക്കരയുടെ അതുല്യ നടന്  കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.