പി പി ചെറിയാന്‍
വിര്‍ജീനിയ: വിര്‍ജീനിയയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒന്‍പത് അകാലജാതരായ കുഞ്ഞുങ്ങളെ ക്രൂരമായി പരിക്കേല്‍പ്പിച്ച നഴ്‌സിന് കോടതി തടവുശിക്ഷ വിധിച്ചു. ഹെന്റിക്കോ ഡോക്ടേഴ്‌സ് ഹോസ്പിറ്റലിലെ മുന്‍ നഴ്‌സായ എറിന്‍ സ്‌ട്രോട്ട്മാന്‍ (27) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. എന്നാല്‍, കുഞ്ഞുങ്ങളുടെ അസ്ഥികള്‍ ഒടിക്കുന്നതടക്കമുള്ള അതിക്രൂരമായ കുറ്റം ചെയ്തിട്ടും പ്രതിക്ക് കേവലം മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രം തടവ് ലഭിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
2022-നും 2024-നും ഇടയില്‍ ഇവര്‍ കുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി കണ്ടെത്തി. അഞ്ച് മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞിന്റെ പാദങ്ങള്‍ തലയ്ക്ക് മുകളില്‍ എത്തുന്നതുവരെ കാലുകളില്‍ ഇവര്‍ ബലം പ്രയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
വിര്‍ജീനിയ നിയമപ്രകാരം ഒരു കുഞ്ഞിനെ ഉപദ്രവിച്ചതിന് പരമാവധി 5 വര്‍ഷം വീതം ഒന്‍പത് കുഞ്ഞുങ്ങളുടെ കേസില്‍ 45 വര്‍ഷം തടവാണ് കോടതി വിധിച്ചത്. എന്നാല്‍, പ്രോസിക്യൂഷനുമായുള്ള പ്രത്യേക വാദ കരാര്‍ പ്രകാരം ജഡ്ജി ശിക്ഷാകാലാവധി വെട്ടിച്ചുരുക്കി. നല്ല നടപ്പ് കൂടി പരിഗണിച്ചാല്‍ ഇവര്‍ക്ക് 3 വര്‍ഷത്തില്‍ താഴെ മാത്രം ജയിലില്‍ കിടന്നാല്‍ മതിയാകും.
ആശുപത്രിയില്‍ ചിലയിടങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതിരുന്നതും, കുഞ്ഞുങ്ങളെ പരിചരിച്ച നഴ്‌സുമാരുടെ കൃത്യമായ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ രേഖപ്പെടുത്താതിരുന്നതുമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. ആശുപത്രിക്ക് വീഴ്ച പറ്റിയതായി ആരോഗ്യവകുപ്പും കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ ഗ്യാസ് പ്രോബ്ലം മാറ്റാനുള്ള ഒരു പ്രത്യേക വ്യായാമ രീതി ചെയ്യുമ്പോള്‍ അബദ്ധത്തില്‍ പറ്റിയതാണെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച കോടതി ഇവരെ ഉടനടി ജയിലിലേക്ക് മാറ്റി.