ട്രംപിന്റെ യാത്രാവിലക്കിനെതിരായ കേസില്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് നിര്‍ണായക വിജയം

By: 600002 On: Jun 7, 2026, 6:05 PM



 

പി പി ചെറിയാന്‍

റോഡ് ഐലന്‍ഡ്: ട്രംപ് ഭരണകൂടത്തിന്റെ വിപുലീകരിച്ച യാത്രാവിലക്കിന്റെ ഭാഗമായി ഗ്രീന്‍ കാര്‍ഡ്, തൊഴില്‍ അനുമതി (വര്‍ക്ക് പെര്‍മിറ്റ്), അഭയനയം (അഭയാര്‍ത്ഥി അപേക്ഷകള്‍) എന്നിവ മരവിപ്പിച്ചുകൊണ്ടുള്ള യു.എസ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ  നടപടി യു.എസ് ഫെഡറല്‍ കോടതി തടഞ്ഞു.

39 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ ഈ അപ്രതീക്ഷിത വിലക്ക് നിയമവിരുദ്ധമാണെന്ന് റോഡ് ഐലന്‍ഡ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോണ്‍ മക്കോണല്‍ വിധിച്ചു. രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് അപേക്ഷകള്‍ അനിശ്ചിതകാലത്തേക്ക് കെട്ടിവെക്കാന്‍ ഇമിഗ്രേഷന്‍ വകുപ്പിന് നിയമപരമായ അധികാരമില്ലെന്ന് 135 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. നിയമം കൃത്യമായി പാലിച്ച് അപേക്ഷ നല്‍കിയ ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ഈ വിധി വലിയ ആശ്വാസമാകും.

കോടതി ഉത്തരവോടെ, നിര്‍ത്തിവെച്ച അപേക്ഷകളുടെ പ്രോസസ്സിംഗ് ഇമിഗ്രേഷന്‍ വകുപ്പ് ഉടന്‍ പുനരാരംഭിക്കേണ്ടി വരും. ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവരായതുകൊണ്ട് മാത്രം അപേക്ഷകരെ സംശയത്തോടെ കാണരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, ഈ കോടതിവിധി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രതികരിച്ചു.