ഇറാൻ യുദ്ധത്തെ തുടർന്ന് കാനഡയിലും യുഎസിലും എഞ്ചിൻ ഓയിൽ വില വർദ്ധിപ്പിക്കുന്നു; പ്രതിസന്ധി 2027 വരെ തുടർന്നേക്കും

By: 600110 On: Jun 6, 2026, 1:50 PM

 

 

ഇറാൻ യുദ്ധത്തെ തുടർന്ന് വിപണിയിൽ എഞ്ചിൻ ഓയിൽ ലഭ്യത കുറഞ്ഞതോടെ കാനഡയിലും അമേരിക്കയിലും വില കുത്തനെ ഉയരുന്നു. അത്യാധുനിക എഞ്ചിനുകളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് മോട്ടോർ ഓയിലുകളുടെ നിർമ്മാണത്തിന് അത്യാവശ്യമായ 'ഗ്രൂപ്പ് III ബേസ് ഓയിലുകളുടെ' ക്ഷാമമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ പ്രശ്നം 2027 പകുതി വരെ നീണ്ടുനിന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.  

സാധാരണയായി ഗൾഫ് മേഖലയിൽ നിന്നാണ് ഈ ഓയിലുകൾ പ്രധാനമായും വരുന്നത്. എന്നാൽ യുദ്ധം മൂലം കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് വാഹന നിർമ്മാതാക്കളെയും എണ്ണ കമ്പനികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.  പ്രതിദിനം 30,000 ബാരൽ എണ്ണ ഉത്പാദിപ്പിച്ചിരുന്ന ഖത്തറിലെ ഷെൽ കമ്പനിയുടെ 'പേൾ ജി.ടി.എൽ'  പ്ലാന്‍റിന് റോക്കറ്റ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് പൂർണ്ണമായി നന്നാക്കിയെടുക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടിവരും. 
 
ആധുനിക വാഹനങ്ങളുടെ എഞ്ചിൻ കാര്യക്ഷമത നിലനിർത്താൻ സിന്തറ്റിക് ഓയിലുകൾ അത്യാവശ്യമായതിനാൽ നിലവിലെ സാഹചര്യം കാർ നിർമ്മാതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. പല ഡീലർമാരോടും ഓയിൽ ഉപയോഗം പരിമിതപ്പെടുത്താൻ കമ്പനികൾ ആവശ്യപ്പെട്ടു കഴിഞ്ഞു. സാധാരണ മോട്ടോർ ഓയിലുകളിൽ ഉപയോഗിക്കുന്ന 'ഗ്രൂപ്പ് II' ഇനം എണ്ണകൾക്കും ഇപ്പോൾ ദൗർലഭ്യം നേരിടുന്നുണ്ട്. നിലവിൽ കൂടുതൽ ലാഭം ലഭിക്കുന്ന ഡീസൽ ഉത്പാദനത്തിലേക്ക് ശുദ്ധീകരണശാലകൾ ശ്രദ്ധ മാറ്റിയതാണ് ഇതിന് കാരണം.  

ഷെവ്‌റോൺ, എക്സോൺമൊബീൽ തുടങ്ങിയ യു.എസ് കമ്പനികൾ ഉത്പാദനം കൂട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പുതിയ പ്ലാൻ്റുകൾ സജ്ജമാകാൻ 2027 വരെയെങ്കിലും സമയമെടുക്കും. അതുവരെ വണ്ടികളുടെ ഓയിൽ മാറ്റുന്നതിനുള്ള ചിലവ് വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. ഫാക്ടറികളിൽ നിന്ന് പുതിയ വാഹനങ്ങൾ പുറത്തിറക്കാനും ലൂബ്രിക്കൻ്റുകൾ ആവശ്യമായതിനാൽ ഈ പ്രതിസന്ധി വാഹന ഉത്പാദനത്തെയും ബാധിച്ചേക്കാം.