മുയലുകളോട് ക്രൂരത: ആൽബെർട്ട സ്വദേശിക്ക് എട്ടു വർഷം തടവും ആജീവനാന്ത വിലക്കും

By: 600110 On: Jun 6, 2026, 1:44 PM

 

മുയലുകളെ അതിക്രൂരമായി ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്ത കേസിൽ ആൽബർട്ട സ്വദേശിക്ക് എട്ടു വർഷം തടവുശിക്ഷ. ചിന്തിക്കാൻ പോലും കഴിയാത്തത്ര ക്രൂരതയാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷവും വളർത്തുമൃഗങ്ങളെ സ്വന്തമാക്കാനും മൃഗങ്ങളുള്ള വീടുകളിൽ താമസിക്കാനും ആജീവനാന്ത വിലക്കും കോടതി ഏർപ്പെടുത്തിയിട്ടുണ്ട്.

32-കാരനായ നിക്കോളാസ് വെസീൻ എന്നയാളാണ് ഈ ക്രൂരതയ്ക്ക് ശിക്ഷിക്കപ്പെട്ടത്. മൃഗങ്ങളോട് ക്രൂരത കാണിക്കൽ, അവയ്ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ പാർപ്പിടമോ നൽകാതിരിക്കൽ തുടങ്ങി പത്തോളം കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. 2022 ഒക്ടോബറിനും 2023 ജനുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. 'സ്മോക്കി' എന്ന് പേരുള്ള ഒരു മുയലിൻ്റെ പിൻകാലുകൾ പ്ലെയർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷം, ദിവസങ്ങളോളം അതിനെ പ്ലാസ്റ്റിക് കേബിൾ ഉപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു എന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് വിചാരണവേളയിൽ പുറത്തുവന്നത്.

പ്രതിയുടെ പ്രവൃത്തികൾ അങ്ങേയറ്റം വിചിത്രവും ക്രൂരവുമാണെന്ന് കിംഗ്സ് ബെഞ്ച് കോടതി ജഡ്ജി ജസ്റ്റിസ് മിഷേൽ ബോർക്ക് പറഞ്ഞു. പൂർണ്ണമായും മനുഷ്യൻ്റെ സംരക്ഷണയിൽ കഴിയുന്ന, പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ഇത്തരം പാവം ജീവികളോട് മനപ്പൂർവ്വം ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആൽബെർട്ട പ്രവിശ്യയിൽ ഇന്നേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ മൃഗപീഡന കേസാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർക്കെതിരെ കാനഡയിൽ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ ശിക്ഷകളിലൊന്നാണ് ഇപ്പോൾ വിധിച്ച എട്ടു വർഷത്തെ തടവ്. മൃഗസംരക്ഷണ പ്രവർത്തകർ കോടതി വിധിയെ സ്വാഗതം ചെയ്തു.