മോഷണം പോയ നാല് ടയറുകളും മണിക്കൂറുകൾക്കകം ഉടമയ്ക്ക് തന്നെ തിരികെ നല്കി കോക്രെയിൻ ആർസിഎംപി. പോലീസിന്റെ അതിവേഗ നടപടി ജനങ്ങളുടെ കൈയടി നേടുമ്പോൾ തന്നെ, പ്രദേശത്തെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഈ സംഭവം ഉയർത്തുന്നുണ്ട്.
കോക്രെയിൻ നിവാസിയായ ബ്രൈസ് ഹാർഡി ജൂൺ 4-ന് രാവിലെ 6:50-ഓടെ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് തൻ്റെ വാഹനത്തിൻ്റെ നാല് ടയറുകളും മോഷ്ടിക്കപ്പെട്ടതായി കണ്ടത്. ടയറുകൾ നഷ്ടപ്പെട്ടതിനാൽ ജോലിക്ക് പോകാൻ കഴിയാതിരുന്ന ഹാർഡി ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. കവർച്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഹാർഡിയെ ഞെട്ടിച്ചുകൊണ്ട് പോലീസ് വണ്ടി വീട്ടുമുറ്റത്തേക്ക് എത്തിയത്. പോലീസ് വണ്ടിയുടെ പിറകിൽ അദ്ദേഹത്തിൻ്റെ നഷ്ടപ്പെട്ട നാല് ടയറുകളും ഉണ്ടായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്ത ഒരാളിൽ നിന്നാണ് പോലീസ് ഈ ടയറുകൾ കണ്ടെടുത്തത്.
ഇത്രയും പെട്ടെന്ന് ടയറുകൾ തിരികെ കിട്ടുമെന്ന് കരുതിയിരുന്നില്ലെന്നും പോലീസിൻ്റെ വേഗതയേറിയ നടപടിയിൽ വലിയ സന്തോഷമുണ്ടെന്നും ഹാർഡി പറഞ്ഞു. തന്റെ നിരാശ നിമിഷങ്ങൾക്കകം വലിയ ആശ്വാസമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസിൻ്റെ സമയോചിതമായ ഇടപെടൽ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, രാത്രികാലങ്ങളിൽ വീടിനു പുറത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് പ്രദേശവാസികൾക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ തങ്ങളെ വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു.