കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു, മേയ് മാസത്തിൽ 88,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ 

By: 600110 On: Jun 6, 2026, 1:35 PM

സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകൾക്കിടയിലും കാനഡയിൽ നിന്ന് ആശ്വാസകരമായ വാർത്ത. കഴിഞ്ഞ മേയ് മാസത്തിൽ രാജ്യത്ത് 88,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. പുതിയ ജോലികൾ വന്നതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 6.9 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറഞ്ഞു. വെറും 10,000 ജോലികൾ മാത്രം സൃഷ്ടിക്കപ്പെടാനാണ് സാധ്യതയെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. അത് കൊണ്ട് തന്നെ തൊഴിൽ രംഗത്തെ ഈ മുന്നേറ്റം വിദഗ്ധരുടെ പ്രതീക്ഷകൾക്ക് അപ്പുറമുള്ളതായി.

നിർമാണ മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായത്. ഇവിടെ 27,000 പേർക്ക് പുതുതായി ജോലി ലഭിച്ചു. എന്നാൽ ഹോൾസെയിൽ, റീട്ടെയ്ൽ വ്യാപാര മേഖലകളിൽ 35,000 ജോലികൾ നഷ്ടപ്പെടുകയും ചെയ്തു. പുതുതായി ഉണ്ടായ ജോലികളിൽ ഭൂരിഭാഗവും സ്ഥിരതയുള്ള 'ഫുൾ ടൈം' ജോലികളാണെന്നത് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15-നും 24-നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കാണ് ഇതിൻ്റെ ഗുണം കൂടുതൽ ലഭിച്ചത്. 2025-ലെ മോശം സാഹചര്യങ്ങളെ മറികടന്ന് മികച്ച അവസരങ്ങളിലേക്ക് യുവാക്കൾ മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

തൊഴിൽ വിപണിയിൽ വലിയ മുന്നേറ്റം ഉണ്ടായെങ്കിലും ജി7 രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള രാജ്യങ്ങളിലൊന്നായി കാനഡ തുടരുകയാണ്. കൂടാതെ, നിലവിൽ രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം പൂർണ്ണമായി മാറിയിട്ടുമില്ല. ഇപ്പോൾ ഉണ്ടായ ജോലികളിൽ എത്രത്തോളം താല്ക്കാലിക സ്വഭാവമുള്ളതാണെന്ന കാര്യത്തിലും വിദഗ്ധർക്ക് സംശയമുണ്ട്.

എങ്കിലും, പ്രതിസന്ധി ഘട്ടത്തിലും ഇത്രയധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞത് കാനഡയുടെ സാമ്പത്തിക രംഗത്തിൻ്റെ കരുത്താണ് തെളിയിക്കുന്നത്. വരും മാസങ്ങളിലും ഇതേ വളർച്ച നിലനിർത്താൻ കഴിഞ്ഞാൽ മാത്രമേ രാജ്യം പൂർണ്ണമായും സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കൂ എന്നാണ് വിലയിരുത്തൽ.