കാനഡയിലെ ആൽബർട്ട പ്രവിശ്യയുടെ യാത്രാസൗകര്യങ്ങൾ പൂർണ്ണമായും നവീകരിക്കാൻ ലക്ഷ്യമിട്ടുള്ള 30 വർഷത്തെ ദീർഘകാല പാസഞ്ചർ റെയിൽ മാസ്റ്റർ പ്ലാൻ പ്രവിശ്യ ഔദ്യോഗികമായി പുറത്തുവിട്ടു. പ്രധാന നഗരങ്ങളായ എഡ്മന്റൺ, കാൽഗറി എന്നിവയെ റെഡ് ഡിയർ വഴി ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ശൃംഖലയാണ് പദ്ധതിയുടെ പ്രധാന ആകർഷണം. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ഈ അത്യാധുനിക ട്രെയിനുകൾ രണ്ട് നഗരങ്ങൾക്കുമിടയിൽ പ്രതിദിനം ഓരോ മണിക്കൂർ ഇടവിട്ട് സർവീസ് നടത്തും.
വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഊർജ്ജം പകർന്നുകൊണ്ട് കാൽഗറിയിൽ നിന്ന് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ബാൻഫിലേക്ക് മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗതയുള്ള മറ്റൊരു പ്രാദേശിക ട്രെയിൻ സർവീസും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നുണ്ട്.
പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനൊപ്പം കാൽഗറി, എഡ്മന്റൺ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും എയർഡ്രി , സെന്റ് ആൽബർട്ട് തുടങ്ങിയ നഗരങ്ങളിലേക്കും ഓരോ 20 മിനിറ്റിലും ലഭ്യമാകുന്ന എക്സ്പ്രസ്സ്-കമ്മ്യൂട്ടർ റെയിൽ സർവീസുകളും ഈ പദ്ധതി ഉറപ്പുനൽകുന്നുണ്ട്.
പ്രവിശ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസനം പെട്ടെന്ന് ഒരു ദിവസം കൊണ്ട് യാഥാർത്ഥ്യമാകുന്നതല്ലെന്നും, കൃത്യമായ ആസൂത്രണത്തോടെയുള്ള ഒരു ശക്തമായ അടിത്തറയാണ് ഇതെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. എഡ്മന്റണിലെ എൽ.ആർ.ടി സംവിധാനത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിനും, ഡൗൺടൗൺ കാൽഗറിയിൽ ഒരു കേന്ദ്രീകൃത റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നതിനുമുള്ള പ്രാഥമിക ആസൂത്രണ പ്രവർത്തനങ്ങൾക്കും, സ്വകാര്യ നിക്ഷേപ സാധ്യതകൾ ഉറപ്പുവരുത്തുന്നതിനുമുള്ള ചർച്ചകൾക്കും സർക്കാർ ഇതിനോടകം തുടക്കം കുറിച്ചുകഴിഞ്ഞു.