കാനഡയിൽ കട്ടിലുകളില്ലാതെ എമർജൻസി വാർഡുകൾ; രോഗികളെ പരിശോധിക്കുന്നതിന് സൗകര്യമില്ലെന്ന് റിപ്പോർട്ട്  

By: 600110 On: Jun 6, 2026, 1:29 PM

 കാനഡയിലെ ആശുപത്രികളിൽ നേരിടുന്ന ബെഡ് ഷോർട്ടേജ്  കാരണം അടിയന്തിര വിഭാഗങ്ങളിൽ എത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പാക്കാനാകാതെ ആരോഗ്യരംഗം ഗുരുതര പ്രതിസന്ധിയിലെന്ന് നാഷണൽ പോസ്റ്റ് റിപ്പോർട്ട്. എമർജൻസി റൂമുകളിൽ ആവശ്യത്തിന് ബെഡുകൾ ഇല്ലാത്തതിനാൽ രോഗികളെ കാത്തിരിപ്പ് കേന്ദ്രങ്ങളിലെ കസേരകളിലിരുത്തിയും, താല്കാലികമായി സജ്ജീകരിച്ച ക്ലോസറ്റുകളിലും, ശുചിമുറികളിലും വരെ വെച്ചാണ് ഡോക്ടർമാർ നിലവിൽ പരിശോധിക്കുന്നത്.  ആരോഗ്യമേഖലയിൽ ഇത്തരം 'ചെയർ കെയർ'  വ്യാപകമാകുന്നതിനെതിരെ വലിയ രീതിയിലുള്ള ജനരോഷവും ആശങ്കയുമാണ് രാജ്യത്തുടനീളം ഉയരുന്നത്.  
രോഗികളുടെ എണ്ണത്തിൽ ഉണ്ടായ  വർദ്ധനവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് കനേഡിയൻ ആശുപത്രികളെ ഈ ദുരവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ആവശ്യമായ ഫാമിലി ഡോക്ടർമാരെ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ആളുകൾ ചെറിയ രോഗലക്ഷണങ്ങൾക്ക് പോലും കൂട്ടത്തോടെ എമർജൻസി റൂമുകളെ ആശ്രയിക്കുന്നതാണ് പ്രതിസന്ധി ഇരട്ടിയാക്കുന്നത്. പല രോഗികളും കൃത്യമായ ചികിത്സയോ ബെഡോ ലഭിക്കാതെ മണിക്കൂറുകളോളം കാത്തിരുന്ന് മടുത്ത് ആശുപത്രികളിൽ നിന്ന് മടങ്ങുന്ന സാഹചര്യമാണുള്ളത്. മെഡിക്കൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി വർദ്ധിപ്പിച്ചില്ലെങ്കിൽ കാനഡയിലെ സാർവത്രിക ആരോഗ്യ പരിപാലന സംവിധാനം പൂർണ്ണമായും തകരുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.