പി പി ചെറിയാന്‍
ഫ്രിസ്‌കോ: ടെക്‌സസിലുള്ള ഫ്രിസ്‌കോ സിറ്റി ഹാളിന് മുന്നില്‍ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ ദേശീയ പതാക കീറിപ്പറിച്ച് യുവാവ്. ക്ലെയ്ടണ്‍ വാക്കര്‍ എന്നയാളാണ് പതാക നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
നോര്‍ത്ത് ടെക്‌സസില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിലാണ് സംഭവം. ക്ലെയ്ടണ്‍ വാക്കര്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക കീറുന്നതും, ഈ സമയം അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കുടിയേറ്റ നയങ്ങളോടുള്ള വിയോജിപ്പുകള്‍ ഒരു പ്രത്യേക ജനവിഭാഗത്തിന് നേരെ തിരിച്ചുവിടരുതെന്ന് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവും മറ്റ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതികരിച്ചു. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന സംഭാവനകളെയും പലരും ചൂണ്ടിക്കാണിച്ചു.
സമീപകാലത്തായി ഫ്രിസ്‌കോയിലും പരിസര പ്രദേശങ്ങളിലും ഇന്ത്യന്‍ അമേരിക്കന്‍ ജനസംഖ്യ വര്‍ദ്ധിച്ചുവരുന്നതിനെതിരെ ചില പ്രാദേശിക നിവാസികള്‍ രംഗത്തുവന്നിരുന്നു. സിറ്റി കൗണ്‍സില്‍ യോഗങ്ങളില്‍ പോലും 'ഇന്ത്യന്‍ അധിനിവേശം' നടക്കുന്നു എന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.
പതാക നശിപ്പിച്ചതിന് പിന്നാലെ തനിക്ക് നേരെ വധഭീഷണികള്‍ ഉയരുന്നതായി ക്ലെയ്ടണ്‍ വാക്കര്‍ ആരോപിച്ചു. എന്നാല്‍ തന്റെ പ്രവൃത്തി ഒരു അമേരിക്കന്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് വാക്കറുടെ വാദം.