പി പി ചെറിയാന്‍
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ വെച്ച് സ്ത്രീകളെ തോക്കുചൂണ്ടി ക്രൂരമായി ലൈംഗികാക്രമണത്തിന് ഇരയാക്കിയ 20-കാരന് കോടതി നാല് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജെയ്ഡന്‍ ഡെമൗഷെ എന്ന യുവാവിനാണ് ഹാരിസ് കൗണ്‍ടി കോടതി കടുത്ത ശിക്ഷ നല്‍കിയത്.
2024 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. നോര്‍ത്ത് ഹൂസ്റ്റണിലെ 'ഏക്കേഴ്സ് ഹോംസ്' പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിച്ചിരുന്ന അഞ്ച് സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടത്.
മുഖംമൂടി ധരിച്ചും തോക്ക് ചൂണ്ടിയും അപ്പാര്‍ട്ട്‌മെന്റുകളില്‍ അതിക്രമിച്ചു കയറിയായിരുന്നു ഇയാളുടെ ആക്രമണങ്ങള്‍. ഇരകളില്‍ ചിലര്‍ കോടതിയില്‍ നല്‍കിയ സാക്ഷിമൊഴികളില്‍, ഈ സംഭവത്തിന് ശേഷം തങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും മാനസികമായി തകര്‍ന്നുപോയെന്നും വ്യക്തമാക്കി.
ഇയാള്‍ക്കെതിരെയുള്ള നാല് ലൈംഗികാക്രമണ കേസുകളില്‍ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് പേട്ടന്‍ പീബിള്‍സ് നാല് വ്യത്യസ്ത ജീവപര്യന്തം ശിക്ഷകള്‍ വിധിച്ചത്.
കോടതി വിധിയനുസരിച്ച് പ്രതിക്ക് 2056-ന് മുന്‍പ് യാതൊരു കാരണവശാലും പരോള്‍ ലഭിക്കില്ല. സമൂഹത്തിന് ഭീഷണിയായ ഒരു അക്രമിക്കെതിരെ അതിജീവിച്ചവരുടെ ധീരതയെ മാനിച്ചുകൊണ്ട് നല്‍കിയ മാതൃകാപരമായ ശിക്ഷയാണിതെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു.