യു.എസ് ഇമിഗ്രേഷന്‍ അപേക്ഷകള്‍ വൈകുന്നതില്‍ ആശങ്ക; യുഎസ്സിഐഎസിനോട് വിശദീകരണം തേടി ഇന്ത്യന്‍ വംശജരായ കോണ്‍ഗ്രസ് അംഗങ്ങള്‍

By: 600002 On: Jun 6, 2026, 12:45 PM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പൗരത്വ-കുടിയേറ്റ സേവന വകുപ്പ്  പുതിയ സുരക്ഷാ പരിശോധനകളുടെ പേരില്‍ ഇമിഗ്രേഷന്‍ അപേക്ഷകളുടെ തീര്‍പ്പാക്കല്‍ വ്യാപകമായി തടഞ്ഞുവെക്കുന്നതായി (Holds) റിപ്പോര്‍ട്ട്. ഇതിനെതിരെ ഇന്ത്യന്‍ വംശജരായ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ രാജാ കൃഷ്ണമൂര്‍ത്തിയും സുഹാസ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് ശക്തമായ ഇടപെടല്‍ നടത്തി.

സംയുക്ത കത്ത്: പുതിയ സുരക്ഷാ പരിശോധനകള്‍ ദശലക്ഷക്കണക്കിന് അപേക്ഷകളെ ബാധിക്കുമെന്ന ആശങ്ക ഉന്നയിച്ച്, ഇരു ജനപ്രതിനിധികളും മറ്റ് 21 ജനപ്രതിനിധികളും ചേര്‍ന്ന് ജൂണ്‍ 4-ന് യുഎസ്സിഐഎസ്  ഡയറക്ടര്‍ ജോസഫ് എഡ്ലോയ്ക്കും എഫ്ബിഐ (FBI) ഡയറക്ടര്‍ കാഷ് പട്ടേലിനും കത്തയച്ചു.

ഇത്തരം നടപടികള്‍ നിലവിലുള്ള ഇമിഗ്രേഷന്‍ അപേക്ഷകളുടെ വലിയ കെട്ടിക്കിടക്കല്‍ (Backlog) വീണ്ടും വര്‍ദ്ധിപ്പിക്കും. ഇത് അപേക്ഷകരുടെ ജോലി ചെയ്യാനുള്ള അനുമതി, യാത്രകള്‍, നിയമപരമായ താമസം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ജനപ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.

എത്ര അപേക്ഷകളെ ഇത് ബാധിക്കും, പ്രക്രിയ എത്രത്തോളം വൈകും, പ്രീമിയം പ്രോസസ്സിംഗ് ഫീസ് നല്‍കിയവര്‍ക്ക് കൃത്യസമയത്ത് അനുമതി ലഭിച്ചില്ലെങ്കില്‍ തുക തിരികെ നല്‍കുമോ തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തര വിശദീകരണം ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

സുരക്ഷാ പരിശോധനകള്‍ ആവശ്യമാണെങ്കിലും, അത് നിയമപരവും വ്യക്തവുമായ മാനദണ്ഡങ്ങളോടെയുമാകണം എന്നും അപേക്ഷകള്‍ അനിശ്ചിതമായി വൈകിപ്പിക്കാന്‍ കാരണമാകരുത് എന്നും കത്തില്‍ വ്യക്തമാക്കുന്നു.