പെന്റഗണിന്റെ പേര് മാറ്റാന്‍ നീക്കം:'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ്' ഇനി 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍' ആയേക്കും

By: 600002 On: Jun 6, 2026, 12:36 PM


 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ (Pentagon) ഔദ്യോഗിക പേര് 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ്' എന്നതില്‍ നിന്നും 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍' (Department of War) എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള ഭേദഗതിക്ക് യു.എസ് പ്രതിനിധി സഭയുടെ (House) സമിതി അംഗീകാരം നല്‍കി.  

വാര്‍ഷിക പ്രതിരോധ നയ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍മാരാണ് ഈ ഭേദഗതി കൊണ്ടുവന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും താല്പര്യപ്രകാരമാണ് ഈ നീക്കം. ഇതിനകം തന്നെ ട്രംപ് ഇതിനായി ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു.  

അമേരിക്കയില്‍ 1789 മുതല്‍ 1947 വരെ ഈ വകുപ്പ് 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശേഷമാണ് ഇത് 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ്' എന്ന് മാറ്റിയത്. യുദ്ധങ്ങള്‍ ജയിക്കുക എന്ന സൈന്യത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പഴയ പേരെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.  

പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. ഭരണകൂടത്തിന്റെ ഏറ്റവും 'ബുദ്ധിശൂന്യമായ' തീരുമാനങ്ങളില്‍ ഒന്നാണിതെന്ന് അവര്‍ പരിഹസിച്ചു.

പേര് മാറ്റുന്നതിലൂടെ 52 മില്യണ്‍ മുതല്‍ 125 മില്യണ്‍ ഡോളര്‍ വരെ (കോടിക്കണക്കിന് രൂപ) ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ ഭേദഗതി നിയമമാകാന്‍ ഇനി യു.എസ് സെനറ്റിന്റെ (Senate) കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്. അവിടെ ഈ ബില്ലിന് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.