ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള പ്രൊഫഷണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പാശ്ചാത്യ രാജ്യങ്ങളിലെ സുപ്രധാന വിവരങ്ങൾ ചോർത്താൻ ചൈനീസ് ഇൻ്റലിജൻസ് ഏജൻസികൾ വ്യാപകമായി ശ്രമിക്കുന്നതായി റിപ്പോർട്ട്.
കാനഡ, യു.എസ്, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവരുൾപ്പെട്ട ഫൈവ് ഐസ്' രഹസ്യാന്വേഷണ സഖ്യം സംയുക്ത പ്രസ്താവനയിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
എച്ച്.ആർ കൺസൾട്ടൻ്റുമാരായോ വ്യാജ കൺസൾട്ടൻസി സ്ഥാപനങ്ങളുടെ പ്രതിനിധികളായോ ചമയുന്ന ഇവർ, യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ആകർഷകമായ പ്രൊഫൈലുകൾ നിർമ്മിച്ച് ഉദ്യോഗാർത്ഥികളുമായി ബന്ധം സ്ഥാപിക്കുന്നതായാണ് കണ്ടെത്തൽ. പ്രതിരോധം, വിദേശകാര്യം, സുരക്ഷാ മേഖലകളിലുള്ള സർക്കാർ-സൈനിക ഉദ്യോഗസ്ഥർ, പ്രമുഖ ഗവേഷകർ, ശാസ്ത്രജ്ഞർ എന്നിവരെയാണ് ഈ ഡിജിറ്റൽ ചാരശൃംഖല പ്രധാനമായും ലക്ഷ്യമിടുന്നത്. ഓൺലൈൻ വഴി വ്യക്തികൾ പങ്കുവെക്കുന്ന ഔദ്യോഗിക വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്ത്, തന്ത്രപ്രധാന വിവരങ്ങളിലേക്ക് പ്രവേശനമുള്ളവരെ കണ്ടെത്തിയാണ് ഇവർ കെണികൾ ഒരുക്കുന്നത്.
ആദ്യഘട്ടത്തിൽ വിദേശനയങ്ങളെക്കുറിച്ചോ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ നിരുപദ്രവകരമെന്ന് തോന്നുന്ന കൺസൾട്ടിങ് റിപ്പോർട്ടുകൾ തയ്യാറാക്കാൻ ആവശ്യപ്പെടുകയും, ഇതിനായി വൻ തുക പ്രതിഫലം നൽകുകയുമാണ് ഇവരുടെ രീതി. വിശ്വാസ്യത നേടിയെടുത്ത ശേഷം, എൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകളിലേക്ക് ആശയവിനിമയം മാറ്റുകയും ഔദ്യോഗികമായ രഹസ്യവിവരങ്ങൾ കൈമാറാൻ ഉദ്യോഗാർത്ഥികൾക്കുമേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.
ഇത്തരം ഓൺലൈൻ കെണികളിൽ അകപ്പെടുന്നവർക്ക് ഔദ്യോഗിക പദവികൾ നഷ്ടപ്പെടാനും സുരക്ഷാ ക്ലിയറൻസ് റദ്ദാക്കപ്പെടാനും രാജ്യാന്തര നിയമപ്രകാരം കടുത്ത നിയമനടപടികൾ നേരിടേണ്ടി വരാനും സാധ്യതയുണ്ടെന്ന് ഏജൻസികൾ വ്യക്തമാക്കുന്നു. അതേസമയം, പാശ്ചാത്യ ഏജൻസികളുടെ ഈ ആരോപണങ്ങൾ പൂർണ്ണമായും വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൈനീസ് നയതന്ത്ര പ്രതിനിധികൾ പ്രതികരിച്ചു.