ഫിഫ ലോകകപ്പിനായി ടൊറൻ്റോയിലേക്ക് ഒഴുകിയെത്തുന്ന അന്താരാഷ്ട്ര ഫുട്ബോൾ ആരാധകരെയും കായികതാരങ്ങളെയും വരവേൽക്കാൻ ടൊറൻ്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണ സജ്ജമായതായി അധികൃതർ അറിയിച്ചു. കാനഡയിലെ പ്രധാന എയർപോട്ടായ പിയേഴ്സൺ എയർപോർട്ടിൽ ഒരു വർഷത്തിലേറെയായി ഇതിനായുള്ള വിപുലമായ ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു.
വിമാനത്താവളത്തിൽ ഇറങ്ങുന്ന നിമിഷം മുതൽ യാത്രക്കാർക്ക് ലോകകപ്പിൻ്റെ ആവേശം സമ്മാനിക്കുന്നതിനായി സോക്കർ സിമുലേറ്ററുകൾ, ഫ്രീസ്റ്റൈൽ പ്രകടനങ്ങൾ, ഇൻ്ററാക്ടീവ് ഗെയിമുകൾ തുടങ്ങിയ വിനോദ പരിപാടികളും ടെർമിനലുകളിൽ ഒരുക്കിയിട്ടുണ്ട്. ജൂൺ 12 മുതൽ ജൂലൈ 2 വരെ ടൊറൻ്റോയിൽ നടക്കുന്ന ആറ് ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായാണ് ഈ വിമാനത്താവളം അത്യാധുനിക സജ്ജീകരണങ്ങളോടെ ആരാധകരെ കാത്തിരിക്കുന്നത്. ലോകകപ്പും വേനൽക്കാല അവധിക്കാലവും ഒരുമിച്ചെത്തുന്നതിനാൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഏകദേശം 17 മില്യൺ യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരക്കേറിയ ദിവസങ്ങളിൽ 1,000-ലധികം സർവീസുകളിലായി പ്രതിദിനം 1,85,000 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ പ്രത്യേക ഓപ്പറേഷൻസ് സെൻ്ററും അധിക ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. എയർലൈനുകൾ, ഫെഡറൽ ഏജൻസികൾ, എമർജൻസി റെസ്പോൺസ് ടീമുകൾ എന്നിവരുമായി ഏകോപിപ്പിച്ച് വിമാനത്താവളത്തിലെ നടപടികൾ കൂടുതൽ വേഗത്തിലാക്കാനും ആരാധകർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും പ്രത്യേക ഡിജിറ്റൽ ഗൈഡും ഗതാഗത സൗകര്യങ്ങളും എയർപോർട്ട് അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്