സർക്കാർ നിയന്ത്രണത്തിലുള്ള ഗ്രോസറി സ്റ്റോർ പദ്ധതി ഉപേക്ഷിക്കണമെന്ന് CTF . പരാജയപ്പെടാൻ സാധ്യതതയുണ്ടെന്ന് വിലയിരുത്തൽ

By: 600110 On: Jun 5, 2026, 1:06 PM

കാനഡയിൽ പൊതുപണം ഉപയോഗിച്ച് സർക്കാർ മേൽനോട്ടത്തിൽ ഗ്രോസറി സ്റ്റോറുകൾ ആരംഭിക്കാനുള്ള നീക്കങ്ങളിൽ നിന്ന് രാഷ്ട്രീയക്കാർ പിന്മാറണമെന്ന് കനേഡിയൻ ടാക്സ്പേയേഴ്സ് ഫെഡറേഷൻ (CTF) ആവശ്യപ്പെട്ടു. ഇത്തരം പ്രോജക്ടുകൾ പരാജയപ്പെടാൻ സാധ്യതയുള്ളതും ജനപ്രീതിയില്ലാത്തതുമാണെന്ന് സി.ടി.എഫ് ഫെഡറൽ ഡയറക്ടർ ഫ്രാങ്കോ തെരാസാനോ ചൂണ്ടിക്കാട്ടി. മുൻപ് സർക്കാർ തലത്തിൽ ആരംഭിച്ച പല ബിസിനസ്സ് സംരംഭങ്ങളും വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ച ചരിത്രമാണ് ഉള്ളതെന്നും CTF വ്യക്തമാക്കി. 

കടുത്ത മത്സരമുള്ള ഈ വിപണിയിൽ ഇത്തരം പരീക്ഷണങ്ങൾക്ക് മുതിരുന്നത് നികുതിദായകരുടെ പണം പാഴാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു. ജീവിതച്ചെലവ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭക്ഷണസാധനങ്ങളുടെ വില കുറയ്ക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണെങ്കിലും, സർക്കാർ നേരിട്ട് കടകൾ നടത്തുന്നത് അതിന് പരിഹാരമല്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.  കാനഡയിലെ കനത്ത നികുതി നിരക്കുകൾ കുറയ്ക്കാനും സപ്ലൈ ചെയിൻ  മെച്ചപ്പെടുത്താനുമാണ് ഭരണാധികാരികൾ ശ്രദ്ധിക്കേണ്ടതെന്ന് സി.ടി.എഫ് നിർദ്ദേശിക്കുന്നു. വിപണിയിലെ മത്സരം വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ വിലക്കയറ്റത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ എന്നും അവർ വ്യക്തമാക്കി.