പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: ലെബനനിലെ ഇസ്രായേല്‍ വിരുദ്ധ യുദ്ധത്തില്‍ യുഎസ് ഇടപെടുന്നത് തടയാന്‍ ഡെമോക്രാറ്റിക് പ്രതിനിധി റാഷിദ ത്‌ലൈബ് കൊണ്ടുവന്ന പ്രമേയം യുഎസ് പ്രതിനിധി സഭയില്‍ വന്‍ ഭൂരിപക്ഷത്തില്‍ തള്ളി. പ്രമേയത്തില്‍ ഭീകരസംഘടനയായ ഹിസ്ബുള്ളയെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നതിനെച്ചൊല്ലി പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ വലിയ ഭിന്നത രൂക്ഷമായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ ഒളിച്ചുകളിയെ ശക്തമായി കടന്നാക്രമിക്കുകയും ചെയ്തു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലെബനനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കണമെന്നായിരുന്നു ത്‌ലൈബിന്റെ പ്രമേയത്തിലെ പ്രധാന ആവശ്യം. എന്നാല്‍ 92-നെതിരെ 324 വോട്ടുകള്‍ക്കാണ് സഭ പ്രമേയം തള്ളിയത്. പകുതിയിലധികം ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.
ലെബനനില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ആരോപിച്ച റാഷിദ ത്‌ലൈബ്, തന്റെ പ്രമേയത്തില്‍ ഹിസ്ബുള്ളയുടെ പേര് പരാമര്‍ശിച്ചതേയില്ല. പ്രമേയത്തെ അനുകൂലിക്കുന്നവര്‍ 'ഹിസ്ബുള്ളയുടെ ഏജന്റുകളായി' പ്രവര്‍ത്തിക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
ഹൗസ് മൈനോറിറ്റി ലീഡര്‍ ഹക്കീം ജെഫ്രിസിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് നേതൃത്വം പ്രമേയത്തെ എതിര്‍ത്തു. ഹിസ്ബുള്ള യുഎസിന്റെ ശത്രുവായ ക്രൂര ഭീകരസംഘടനയാണെന്ന് അവര്‍ ഔദ്യോഗികമായി പ്രസ്താവിച്ചു.
ചര്‍ച്ചയ്ക്കിടയില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധി മാക്‌സ് മില്ലര്‍, റാഷിദ ത്‌ലൈബിന് ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിനെത്തുടര്‍ന്ന് സഭയില്‍ കടുത്ത വാക്കേറ്റമുണ്ടായി.
ഇസ്രായേലും ലെബനന്‍ സര്‍ക്കാരും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഹിസ്ബുള്ള തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് യുഎസ് സഭയില്‍ ഈ നാടകീയ നീക്കങ്ങള്‍ നടന്നത്.