പി.പി ചെറിയാന്‍
ടെക്‌സസ്: മൃഗങ്ങളുടെയും മനുഷ്യരുടെയും മാംസം കാര്‍ന്നുതിന്നുന്ന മാരക പരാദപ്രാണിയായ 'ന്യൂ വേള്‍ഡ് സ്‌ക്രൂവേം' അമേരിക്കന്‍ അതിര്‍ത്തി കടന്നതായി ശക്തമായ സംശയം. ടെക്‌സസ് സംസ്ഥാനത്ത് ഇത്തരമൊരു രോഗബാധ സംശയിക്കുന്നതായി യു.എസ് കൃഷി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച യു.എസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെക്‌സിക്കന്‍ മേഖലയില്‍ ഈ ഭീതിജനകമായ പരാദത്തെ കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ടെക്‌സസിലും ഇതിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 50 മൈല്‍ മാത്രം അകലെയുള്ള തെക്കുപടിഞ്ഞാറന്‍ ടെക്‌സസിലെ 'ലാ പ്രയോര്‍' എന്ന ഗ്രാമത്തിലെ ഒരു കന്നുകാലി ഫാമിലാണ് സംഭവം. ഇവിടുത്തെ പശുക്കിടാങ്ങളിലാണ് രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകള്‍ അന്തിമ സ്ഥിരീകരണത്തിനായി അയോവയിലെ യുഎസ്ഡിഎ നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
'സാഹചര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവില്‍ ഫീല്‍ഡ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രാദേശിക അധികൃതരുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു,' യുഎസ്ഡിഎ ഔദ്യോഗികമായി അറിയിച്ചു.
ഈ രോഗബാധ സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഈ ഭീഷണിയെ നേരിടാന്‍ അടിയന്തരമായി മുന്നിട്ടിറങ്ങുമെന്ന് ടെക്‌സസ് ജനപ്രതിനിധി ഡോണ്‍ മക്ലോഗ്ലിന്‍ എക്‌സില്‍ (X) കുറിച്ചു.
ചൂടുരക്തമുള്ള മൃഗങ്ങളുടെയോ മനുഷ്യരുടെയോ ശരീരത്തിലെ തുറന്ന മുറിവുകളിലോ കണ്ണ്, മൂക്ക്, ചെവി, വായ തുടങ്ങിയ ശരീരദ്വാരങ്ങളിലോ ആണ് ഈ പ്രത്യേക ഈച്ചകള്‍ മുട്ടയിടുന്നത്. ഈ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ ശരീരത്തിലെ ജീവനുള്ള കോശങ്ങളും മാംസവും തുരന്ന് തിന്നാന്‍ തുടങ്ങും. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഇത് ജീവഹാനിക്കു വരെ കാരണമാകും.
സാധാരണയായി തെക്കേ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമാണ് ഇവ കാണപ്പെടാറുള്ളത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവ മധ്യ അമേരിക്കയിലേക്കും മെക്‌സിക്കോയിലേക്കും വടക്കോട്ട് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു.