ഹൂസ്റ്റണില്‍ ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ ജൂണ്‍ 6 ന്

By: 600002 On: Jun 5, 2026, 9:01 AM



 

ജീമോന്‍ റാന്നി (പിആര്‍ഓ)  


ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) സംഘടിപ്പിക്കുന്ന വാര്‍ഷിക ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഗ്രാന്‍ഡ് ഫൈനല്‍ മത്സരം ജൂണ്‍ 6 ശനിയാഴ്ച ഉച്ചയ്ക്ക് 2:30ന് സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ നടക്കും.

ഏപ്രില്‍ 11 നു തുടക്കം കുറിച്ച് രണ്ടു മാസങ്ങള്‍ നീണ്ടു നിന്ന ടൂര്‍ണമെന്റിന്റെ ഗ്രാന്‍ഡ് ഫൈനലില്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ച് ടീമും സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടീമും ഏറ്റുമുട്ടും.

14 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ആവേശകരമായ മത്സരങ്ങള്‍ക്ക് ശേഷമാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.

5.30 നു നടക്കുന്ന സമ്മാന ദാന ചടങ്ങില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3 പോലീസ് ക്യാപ്റ്റന്‍ മനു പൂപ്പാറയില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് കെ. കെ. മാത്യു കുറ്റിയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും. റണ്ണേഴ്‌സ്-അപ്പ് ടീമിന് ബിജു ചാലക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫി നല്‍കും. മറ്റ് ട്രോഫികള്‍ ജോര്‍ജ് ജോസഫ് (MassMutual Greater Houston) സ്‌പോണ്‍സര്‍ ചെയ്യുന്നു.

മാസ്സ് മ്യുച്ചല്‍, അലാമോ ട്രാവല്‍സ്, ആന്‍സ് ഗ്രോസിയേഴ്‌സ് തുടങ്ങിയവര്‍ സ്‌പോന്‌സര്മാരായി ടൂര്‍ണമെന്റിനെ സഹായിക്കുന്നു. ആഷാ റേഡിയോ ഫൈനലിന്റെ മീഡിയ കവറേജ് നല്‍കും.    

ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് .ബി. പ്രകാശ്, റവ. ഫാ. ജെക്കു സഖറിയാ, സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജിനോ ജേക്കബ്, ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍മാരായ ബിജു ചാലക്കല്‍, അനില്‍ വര്‍ഗീസ് എന്നിവര്‍ എല്ലാ കായികപ്രേമികളെയും കുടുംബസമേതം എത്തി ഫൈനല്‍ മത്സരം ആസ്വദിക്കണമെന്ന് അഭ്യര്‍ഥിച്ചു.

1981-ല്‍ സ്ഥാപിതമായ ഐസിഇസിഎച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന സംഘടനയാണ്. ക്രിക്കറ്റ് ടൂര്‍ണമെന്റ് സമൂഹത്തിലെ യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയില്‍ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.