കാനഡയിൽ ഹൈപ്പർസ്കെയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഡാറ്റാ സെൻ്ററുകളുടെ നിർമ്മാണത്തിൽ വൻ കുതിച്ചുചാട്ടം. കുറഞ്ഞ ഊർജ്ജച്ചെലവ്, നിയന്ത്രണങ്ങൾ കുറഞ്ഞ വൈദ്യുതി വിപണി, ശക്തമായ സർക്കാർ പിന്തുണ എന്നിവ കാരണം ആൽബർട്ട പ്രവിശ്യ ഈ മേഖലയുടെ പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വലിയ സാമ്പത്തിക നിക്ഷേപവും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതികൾ പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുമെന്ന ആശങ്കയിലാണ് പ്രാദേശിക ജനവിഭാഗങ്ങൾ.
നിലവിൽ കാനഡയിൽ ആകെ അഞ്ച് ഹൈപ്പർസ്കെയിൽ ഡാറ്റാ സെൻ്ററുകൾ മാത്രമാണുള്ളത്. എന്നാൽ, നിലവിൽ നിർമ്മാണത്തിലിരിക്കുന്നതും പ്രഖ്യാപിക്കപ്പെട്ടതുമായി 96 പുതിയ പ്രോജക്ടുകളാണ് രാജ്യത്തുടനീളമുള്ളത്. സാധാരണ ഡാറ്റാ സെൻ്ററുകൾ അഞ്ച് മെഗാവാട്ട് ശേഷിയുടേതാണെങ്കിൽ 100 മെഗാവാട്ട് ശേഷിയുടേതാണ് പുതിയ എ.ഐ കേന്ദ്രങ്ങൾ. യോർക്ക് യൂണിവേഴ്സിറ്റിയുടെ പഠനമനുസരിച്ച്, നിർദ്ദിഷ്ട പദ്ധതികളെല്ലാം യാഥാർത്ഥ്യമായാൽ കാനഡയിലെ ഡാറ്റാ സെൻ്ററുകളുടെ 90 ശതമാനവും ആൽബർട്ടയിലായിരിക്കും.
പ്രവിശ്യയിൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന പ്രകൃതിവാതകവും നിയന്ത്രണങ്ങൾ കുറഞ്ഞ വൈദ്യുതി സംവിധാനവുമാണ് ഡാറ്റാ സെൻ്റർ നിർമ്മാതാക്കളെ ആൽബർട്ടയിലേക്ക ആകർഷിക്കുന്നത്. നിക്ഷേപകർക്കായി പ്രത്യേക കൺസേർജ് ടീമും വേഗത്തിലുള്ള അനുമതിപത്രങ്ങളും ആൽബർട്ട സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.വിപുലമായ ഫൈബർ ഒപ്റ്റിക് ശൃംഖലയും വിദഗ്ദ്ധരായ തൊഴിലാളികളുടെ ലഭ്യതയും ആൽബർട്ടയുടെ മറ്റൊരു സവിശേഷതയാണ്. സാമ്പത്തിക വളർച്ച അവകാശപ്പെടുമ്പോഴും, ജനവാസ മേഖലകൾക്ക് സമീപം ഇത്തരം ഭീമൻ കേന്ദ്രങ്ങൾ വരുന്നതിനെതിരെ പൊതുജനാഭിപ്രായം ശക്തമാണ്. ആൻഗസ് റീഡ് നടത്തിയ സർവേ പ്രകാരം 68 ശതമാനം കാനഡക്കാരും തങ്ങളുടെ വീടിനടുത്ത് എ.ഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനെ എതിർക്കുന്നു. ഗ്രാമീണ മേഖലകളിൽ ഈ എതിർപ്പ് 73 ശതമാനമാണ്.
ഈ കേന്ദ്രങ്ങൾ തണുപ്പിച്ചു നിർത്താൻ വലിയ അളവിൽ വെള്ളം ആവശ്യമാണ്. കടുത്ത വരൾച്ച നേരിടുന്ന സമയങ്ങളിൽ ഇത് ജലക്ഷാമം രൂക്ഷമാക്കുമെന്ന് ചൂണ്ടിക്കാട്ടി വാൻകൂവറിൽ നൂറുകണക്കിന് ആളുകൾ തെരുവിൽ പ്രതിഷേധിച്ചു.പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും, മൈക്രോസോഫ്റ്റ് പോലുള്ള പ്രമുഖ കമ്പനികൾ പ്രതിരോധവുമായി രംഗത്തുണ്ട്. ജലഉപയോഗം കുറയ്ക്കുന്നതിനായി 'ക്ലോസ്ഡ്-ലൂപ്പ് കൂളിംഗ് സിസ്റ്റം' ഉപയോഗിക്കുമെന്നും, പൊതുജനങ്ങളുടെ വൈദ്യുതി നിരക്ക് വർദ്ധിക്കാതിരിക്കാൻ തങ്ങളുടെ വിഹിതം കൃത്യമായി നൽകുമെന്നും കമ്പനികൾ ഉറപ്പുനൽകുന്നു.