ആൽബർട്ടയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: എം.ആർ.ഐ സ്കാനിംഗിനായി വൃദ്ധയ്ക്ക് കാത്തിരിക്കേണ്ടത് 31 മാസം

By: 600110 On: Jun 5, 2026, 7:40 AM

 

ആൽബർട്ടയിലെ ആരോഗ്യരംഗം നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് തെളിവായി മറ്റൊരു സംഭവം കൂടി. റെഡ് ഡിയർ സ്വദേശിയായ ലിൻഡ ബേൺസ് എന്ന വൃദ്ധയ്ക്ക് എം.ആർ.ഐ സ്കാനിംഗ് നടത്തുന്നതിനായി ആരോഗ്യവകുപ്പ് നൽകിയ സമയം 31 മാസത്തെ കാത്തിരിപ്പാണ്. ഇത് പ്രവിശ്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി പരക്കെ പ്രതിഷേധം ഉയരുകയാണ്.

വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു വാഹനാപകടത്തെ തുടർന്ന് ലിൻഡയ്ക്ക് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. നിലവിൽ കഴുത്തിലെ കഠിനമായ വേദനയെത്തുടർന്ന് ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ടുകയാണ് അവർ. കഴുത്തിലെ ഡിസ്കുകളുടെ തകരാറാണോ എന്ന് സ്ഥിരീകരിക്കാനാണ് ഡോക്ടർ എം.ആർ.ഐ സ്കാനിംഗ് നിർദ്ദേശിച്ചത്. ഏകദേശം ഒരു വർഷത്തെ കാത്തിരിപ്പ് പ്രതീക്ഷിച്ച ലിൻഡയ്ക്ക്, ആൽബർട്ട ഹെൽത്ത് സർവീസസ് നൽകിയ കത്തിൽ സ്കാനിംഗ് തീയതി നിശ്ചയിച്ചിരിക്കുന്നത് 2028 ഡിസംബറിലാണ്.

ആൽബർട്ട സർക്കാർ അടുത്തിടെ കൊണ്ടുവന്ന 'ബിൽ 11' നിയമമാണ് ഈ പ്രതിസന്ധിക്ക് പിന്നിലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഡോക്ടർമാർക്ക് പൊതുസംവിധാനത്തിലും സ്വകാര്യസംവിധാനത്തിലും ഒരേസമയം ജോലി ചെയ്യാൻ ഈ നിയമം അനുമതി നൽകുന്നുണ്ട്. സ്വകാര്യ ക്ലിനിക്കുകളിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ സ്കാനിംഗ് ലഭ്യമാകുമ്പോൾ, പൊതുസംവിധാനത്തിൽ വർഷങ്ങളുടെ കാത്തിരിപ്പാണ് വേണ്ടിവരുന്നത്. ഇത് പണമുള്ളവർക്ക് വേഗത്തിൽ ചികിത്സ ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്.

ആൽബർട്ടയിലെ സ്വകാര്യ ക്ലിനിക്കുകളിൽ ഒരു എം.ആർ.ഐ സ്കാനിംഗിനായി $850 മുതൽ $1,000 ചെലവ് വരും. സാധാരണക്കാർക്ക് ഇത് താങ്ങാനാവില്ല. രണ്ടു വർഷത്തിലധികം നീളുന്ന കാത്തിരിപ്പ് സമയം ഇപ്പോൾ സാധാരണമായി മാറിയിരിക്കുകയാണ്. ആശുപത്രികളിലും കമ്മ്യൂണിറ്റികളിലും ഡയഗ്നോസ്റ്റിക് സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള കൃത്യമായൊരു പദ്ധതി ആൽബർട്ടയ്ക്ക് ആവശ്യമുണ്ടെന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വ്യക്തമാക്കി.