അനധികൃതമായി ആളുകളെ കടത്താൻ ശ്രമിക്കുന്നതിനിടെ RCMP ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ച ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ

By: 600110 On: Jun 4, 2026, 12:24 PM

 
കാനഡ-യു.എസ് അതിർത്തി വഴി അനധികൃതമായി ആളുകളെ കടത്താൻ ശ്രമിച്ച സംഭവത്തിൽ RCMP ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ച ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. ചേതൻ കുമാർ എന്ന ഇരുപത്തിയഞ്ചുകാരനാണ് പിടിയിലായത്.  മോൺട്രിയൽ അതിർത്തിക്ക് സമീപം വെച്ചാണ് ഇയാൾ പോലീസിൻ്റെ പിടിയിലായത്.

യു.എസ് അതിർത്തി രക്ഷാസേന നൽകിയ രഹസ്യ വിവരത്തെത്തുടർന്ന് മോണ്ടെറെജിയിലെ നോയൻ മേഖലയിൽ പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അഞ്ച് അനധികൃത കുടിയേറ്റക്കാരുമായി പോയ ചേതന്റെ വാഹനം കണ്ടെത്തിയത്. എന്നാൽ വാഹനം നിർത്താൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശം ലംഘിച്ച പ്രതി, മനഃപൂർവ്വം പോലീസ് വാഹനത്തിൻ്റെ ഡോറിലേക്ക് കാറിടിച്ചു കയറ്റി ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. 

ചേതൻ കുമാറിനെതിരെ കനേഡിയൻ പോലീസ് കടുത്ത കുറ്റപത്രങ്ങൾ ചുമത്തിയിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ ജൂൺ 5-ന് വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കും. കാറിലുണ്ടായിരുന്ന അഞ്ച് കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്ത പോലീസ്, തുടർനടപടികൾക്കായി ഇവരെ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് കൈമാറി. ആഗോളതലത്തിൽ വലിയ ലാഭം കൊയ്യുന്ന ഒരു സംഘടിത കുറ്റകൃത്യമായി മനുഷ്യക്കടത്ത് മാറിയിരിക്കുകയാണെന്നും, അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആർ.സി.എം.പി വ്യക്തമാക്കി.