അമേരിക്കയിലെ ഇല്ലിനോയ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണ് ചിക്കാഗോ. 1893 സെപ്റ്റമ്പർ പതിനൊന്നിലെ സ്വാമി വിവേകാനന്ദന്റെ പ്രസംഗം. സർവകക്ഷി മതസമ്മേളനമായിരുന്നു. എന്നാൽ സ്വാമിജി നടത്തിയത് ഒരുമതപ്രസംഗമായിരുന്നില്ല.
അമേരിക്കയിലെ സഹോദരി, സഹോദരന്മാരെ - ഇത് കേട്ട് എല്ലാവരും പുളകമാർന്നു. ഇന്ത്യൻ പാരമ്പര്യം ലോകത്തെ അറിയിക്കുകയായിരുന്നു. എല്ലാ മതങ്ങളും പൊട്ടക്കിണറ്റിലെ തവളയെപ്പോലെയാണന്നും, അതിനപ്പുറം ലോകമില്ലായെന്ന് വിശ്വസിക്കുന്നവരാണന്നും പറഞ്ഞു. ആദ്യം നമുക്ക് ഈശ്വരനാകാം. എന്നിട്ട് മറ്റുള്ളവരെ ഈശ്വരനാക്കാൻ സഹായിക്കാം. വിശക്കുന്ന അനാഥ കുഞ്ഞിനും, ദുഃഖിതയായ വിധവയുടെയും കണ്ണുനീർ തുടക്കാൻ കഴിയാത്ത ഒന്നും എന്റെ മതമല്ല. ജോത്സ്യവും, അത്ഭുത വിദ്യകളും പൊതുവെ ദുർബല മനസ്സുകളുടെ ലക്ഷണമാണ്. അത് നിങ്ങളുടെ മനസ്സിൽ പ്രകടനമാകുന്നതു കണ്ടാൽ ഉടനെ ഡോക്ടറെ കാണുക. നല്ല ഭക്ഷണം കഴിച്ച് വിശ്രമിക്കുക. എഴുന്നേൽക്കൂ. പ്രവർത്തിക്കൂ. ലക്ഷ്യം നേടും വരെ പ്രയത്നിക്കു. ഇതാണ് വിവേകാനന്ദ സ്വാമികളുടെ സിംഹ ഗർജനം.
അമേരിക്കയിലെ ഇല്ലിനോയ് സംസ്ഥാനത്തിലെ പ്രാന്തപ്രദേശങ്ങളിലൂടെയായിരുന്നു സണ്ണിച്ചന്റെയും, ലക്ഷ്മിയുടെയും യാത്ര. കടുത്ത മഞ്ഞിൽ നിന്ന് മോചനം കിട്ടിയ വേനൽക്കാലം. തിരക്കിൽ നിന്ന് എല്ലാം വിട്ട് ഒരു സുഖവാസയാത്ര. ഒരു വീട് തന്നെ വാടകക്ക് എടുത്തു. നീർച്ചാലും, തടാകവും നിറഞ്ഞ ഉദ്യാനത്തിൽ കഴിയുമ്പോൾ ലക്ഷ്മി പറഞ്ഞു
"സണ്ണിച്ചാ നമ്മളുടെ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും എഴുതി കൂടെ. ആരും അറിയാനല്ല. നമുക്ക് വേണ്ടി. നമ്മളുടെ മക്കൾ അറിഞ്ഞിരിക്കാൻ വേണ്ടി."
"അതു വേണ്ടാ ലക്ഷ്മി. നിനക്ക് പോലും അറിയാത്ത കുറെ അനുഭവങ്ങളുണ്ട്, ഡൽഹിയിലെ എന്റെ ജീവിതത്തിൽ. എരിയുന്ന ഓർമ്മകളുണ്ട്. ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ചില നിമിഷങ്ങളുണ്ട്. അത് നിന്നെ ഒരു പാട് വേദനിപ്പിക്കും. വർഷങ്ങളോളം എനിക്ക് വേണ്ടി നീ കാത്തിരുന്നതിലും അപ്പുറത്തേക്ക് ആ വേദന നീണ്ടു പോകും. നമ്മളെ പോലെ തന്നെ പലർക്കും പല കഥകൾ പറയാനുണ്ടാകും. ഇനിയുള്ള കാലം കഴിഞ്ഞു പോയ ദുഃഖങ്ങളിൽ കുടിങ്ങിക്കിടക്കാതെ സന്തോഷത്തോടെ, സംതൃപ്തിയോടെ കഴിയാം."
"അമേരിക്കയിലെത്തിയിട്ട് എത്ര വർഷമായിയെന്ന് സണ്ണിച്ചന് അറിയോ ഇരുപത്തെട്ടു വർഷം കഴിഞ്ഞു. കൂടാതെ ഡൽഹിയിൽ ഒരു വർഷം. നാട് അന്യമായി."
"ലക്ഷ്മി, എല്ലാം മതിയാക്കി നാട്ടിലേക്ക് പോകണം. മക്കളൊന്നും ഇവിടം വിട്ട് വരാൻ പോണില്ല. നമ്മളുടെ അവസാന കാലം അവിടെ കഴിയാം. എന്താ ലക്ഷ്മിയുടെ അഭിപ്രായം."
"ഇവിടത്തെ ജോലിയുടെ കാര്യങ്ങളോ ?"
"ഇവിടെ എത്ര കാലം വേണമെങ്കിലും ജോലി ചെയ്യാം. പ്രായപരിധിയില്ലല്ലോ. അങ്ങനെ നോക്കിയാൽ നാട്ടിൽ പോകാനെ സാധിക്കില്ല."
"എനിക്ക് പ്രത്യേകമായ എന്ത് അഭിപ്രായം. സണ്ണിച്ചന്റെ ഇഷ്ടത്തിൽ ഞാൻ എതിര് നിൽക്കാറില്ലല്ലോ."
"അതു വേണ്ടാ - ഞാനൊരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ."
"അങ്ങനെ തന്നെ മതി, നാട്ടിൽ പോയിട്ട് എത്ര കാലമായി. അവസാനമായി പോയത് സണ്ണിച്ചന്റെ അമ്മയുടെ മരണത്തിന്. പിന്നെ അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല."
"വീട് വൃത്തിയാക്കാൻ നാട്ടിൽ ശേഖരനെ ഏർപ്പാടാക്കാം. അയാളാണല്ലോ അവിടത്തെ കാര്യങ്ങളൊക്കെ ചെയ്യണത്. അയാളുടെ ഭാര്യ ശാന്ത നിനക്കൊരു സഹായമാകും."
സണ്ണിച്ചന്റെ ആഗ്രഹപ്രകാരം എല്ലാം ചെയ്തു. നാട്ടിൽ എത്തി. എല്ലാം സണ്ണിച്ചന്റെ അവസാനത്തെ ആഗ്രഹം പോലെ ആയി. ലക്ഷ്മി ചവിട്ടുപടിയിൽ ഇരുന്നു. സണ്ണിച്ചന് എത്രനാൾ നാട്ടിൽ കഴിയാൻ കഴിഞ്ഞു. എത്ര പെട്ടന്നാണ് എല്ലാം കഴിഞ്ഞത്. പൊഴിഞ്ഞ പൂക്കളും കൊഴിഞ്ഞ ദിനങ്ങളും ഒന്നും ഇനി തിരിച്ചു വരില്ല. നിഴലായി ഇനി കൂടെയുള്ളത് ഒന്നു മാത്രം ഓർമ്മകൾ. ഞങ്ങൾ ഇവിടെയെത്തിയ ഉടനെ മിനുക്കിയെടുത്ത ഈ വീടും, ഈ കുളവും, ഈ കൽപ്പടവുകളും എന്തിനായിയെന്ന് ഓർക്കുമ്പോൾ ഹൃദയം നീറുന്നു.
ഒരു കാലത്ത് ഞങ്ങൾ ഒരുമിച്ച് ഇരുന്ന ഇലഞ്ഞിമരം ഇന്നും തളിർത്ത് നിൽക്കുന്നു. അന്നത്തെ ഓരോ നിമിഷങ്ങളും ഓർമ്മപ്പെടുത്തലായി മനസ്സിൽ ഉണരുമ്പോൾ മനസ്സ് വേവുകയാണ്. കാലം കാട്ടിക്കൂട്ടിയത് എന്തെല്ലാം വിക്രിയകളാണ്. സണ്ണിച്ചൻ കൂടെയുണ്ടായിരുന്ന ഒരോ നിമിഷത്തെ പറ്റിയും ഓർക്കുമ്പോൾ മനസ്സിന് ഒരു കുളിർമ തോന്നും. തണുത്ത കാറ്റ് വീശും. കൂടെയില്ലല്ലോയെന്ന് ഓർക്കുമ്പോൾ മനസ്സിൽ വേദന പടരും. കണ്ണുകൾ നിറയും. അത് തോരാമഴയായി മാറും. സണ്ണിച്ചൻ ഇല്ലായെന്ന സത്യം എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. ഇപ്പോളും കൂടെയുണ്ടെന്നുള്ള വിശ്വാസം എന്നെ ഇവിടെ തന്നെ ജീവിക്കാൻ ധൈര്യപെടുത്തി.
ദുഃഖങ്ങളും, ദുരിതങ്ങളും, സന്തോഷങ്ങളും ഇടകലർന്ന് ഒഴുകിയ എന്റെ ജീവിതം ഒരു പ്രണയ സുവിശേഷം തന്നെയാണ്. എന്നെയറിയുന്നവരെങ്കിലും അറിഞ്ഞിരിക്കേണ്ട സുവിശേഷം. ഒരു ഭ്രാന്തിയുടെ കഥ. ഏതെങ്കിലും ഭ്രാന്താശുപത്രിയിലെ അറക്കുള്ളിൽ വെന്തുരുകി തീരേണ്ട ജീവിതം, രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് സന്തോഷകരമായ ജീവിതം തന്ന ഒരു സ്നേഹ നിധിയായ മനുഷ്യന്റെ കഥ .
അന്നു രാത്രി അവൾക്ക് ഉറക്കം വന്നില്ല. മക്കൾ അമേരിക്കയിൽ സുഖമായിരിക്കുന്നു. മക്കളും, മരുമക്കളും, പേരക്കിടാങ്ങൾക്കും സുഖം. ലക്ഷ്മിയുടെ മനസ്സിനൊരു ശാന്തിയുള്ളതായി തോന്നി. അടുത്ത മുറിയിൽക്കിടക്കുന്ന ശാന്തയെ അവൾ നോക്കി. അവൾ നല്ല ഉറക്കമാണ്. ശേഖരൻ പുറത്തെ വരാന്തയിൽ ഉണ്ടാകും. ഞങ്ങൾ വന്നതിനു ശേഷം അവർ സ്വന്തം വീട്ടിലേക്ക് പോയിട്ടേയില്ലാ. അവർക്കായി എന്തെങ്കിലും എഴുതി വെക്കണം. അത് സണ്ണിച്ചന്റെ കൂടി ആഗ്രഹമാണ്.
ഈ രാത്രി തന്നെ അത് ചെയ്യാൻ തീരുമാനിച്ചു. ശാന്തയെ വിളിച്ചുണർത്തി എഴുതിയ പ്രമാണം അവളെ ഏൽപ്പിച്ചു. നിങ്ങൾക്ക് ജീവിക്കാനുള്ള വസ്തുവകകൾ ഇതിൽ എഴുതി വെച്ചിട്ടുണ്ട്. ലക്ഷ്മിയുടെ പ്രവർത്തി കണ്ട് ശാന്ത അന്തം വിട്ടു. അവൾ ചോദിച്ചു.
"എന്താ ലക്ഷ്മിയേടത്തി ഇങ്ങനെ. ഈ പാതിരാത്രിയിൽ ഇങ്ങനെയൊക്കെ ചെയ്യാൻ ഇപ്പോൾ എന്തുണ്ടായി."
"ഇത് സണ്ണിച്ചന്റെ ആഗ്രഹമായിരുന്നു. വെച്ച് താമസിപ്പിച്ചാൽ ശരിയാകില്ലാ ശാന്തേ . എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ ദുരിതത്തിലാകരുത്. അത്രേ ഞാൻ കരുതിയുള്ളൂ. ശാന്ത പോയി കിടന്നോ." ലക്ഷ്മി പറഞ്ഞു.
"ലക്ഷ്മിയേടത്തി കിടക്ക്. ഞാനിവിടെ താഴത്ത് കിടന്നോളാം."ശാന്ത പറഞ്ഞു.
എന്തോ ചെയ്തു തീർത്ത സംതൃപ്തിയിൽ ലക്ഷ്മി നല്ലപോലെ ഉറങ്ങി. ഉറക്കത്തിൽ ഈ ഭവനത്തിൽ ജീവിച്ച് ഇല്ലാതായവരെ ഓരോരുത്തരായി സ്വപ്നത്തിൽ തെളിഞ്ഞു വന്നു. എല്ലാവരും പോയി. ഇപ്പോൾ സ്വന്തമെന്ന് പറയാനാരും ഇവിടെയില്ല. അച്ഛൻ, അമ്മ, ചേട്ടൻ, ചേട്ടത്തി ഇപ്പോൾ സണ്ണിച്ചനും.
നേരം പുലർന്ന് ഏറെ താമസിച്ചാണ് ലക്ഷ്മി ഉണർന്നത്. അമേരിക്കൻ സമയം നോക്കി മക്കളെ വിളിച്ചു സംസാരിച്ചു. അമ്മ അവിടെ നിൽക്കണ്ടായെന്നു അവർ പറഞ്ഞു. അമേരിക്കക്ക് പോരാൻ മക്കൾ നിർബന്ധിച്ചു. പപ്പായില്ലാത്തവസ്ഥയിൽ അമ്മ അവിടെ നിന്നാൽ ശരിയാകില്ലായെന്നും അവർ ആവർത്തിച്ചു. ഇന്ത്യയിൽ രണ്ടു പൗരത്വം അനുവദിക്കില്ലായെന്നും ഓർമ്മിപ്പിച്ചു. അമേരിക്കയിൽ രണ്ടു പൗരത്വം പ്രശ്നമല്ലായെങ്കിലും ഇന്ത്യയിൽ അനുവദിക്കില്ല. അമേരിക്കൻ പൗരത്വം വേണ്ടായെന്ന് വെക്കണത് ശരിയാണോയെന്ന് അവർ ചോദിച്ചു. ഞങ്ങൾ അടുത്ത ആഴ്ച്ച നാട്ടിലേക്ക് വരുന്നുണ്ടെന്നും അറിയിച്ചു. ലക്ഷ്മി എതിരായി ഒന്നും തന്നെ പറഞ്ഞില്ല.
മക്കൾ എത്തുമെന്ന് പറഞ്ഞ തലേന്ന് രാത്രി അവൾക്ക് എന്തോ അസ്വസ്ഥത പോലെ തോന്നി. മുപ്പത് വർഷം മുമ്പുണ്ടായതുപോലെയുള്ള തലക്കൊരു പെരുപ്പ്. പൂർണ്ണ ചന്ദ്രനിൽ ഇലഞ്ഞിമരവും, കുളവും, കുളക്കടവും കുളിച്ചു നിൽക്കുന്നതു കണ്ടു. അവൾ കുളക്കടവിലേക്ക് നടന്നു. മുല്ല വള്ളികൾ പടർന്ന് കിടക്കണ തൊടിക്കരികിൽ അവൾ പോയി ഇരുന്നു. സണ്ണിച്ചനുമായി പാതിരാത്രികളിൽ ചിലവഴിച്ച നാളുകൾ ഓർമയിലേക്ക് എത്തി. അന്ന് ആരെയൊക്കെ ഭയപ്പെടണമായിരുന്നു. ഈ പറമ്പിലൂടെ അലഞ്ഞു നടന്ന പിശാചുക്കൾ, മരിച്ചുപോയ കാർന്നോന്മാരുടെ ആത്മാക്കൾ, യക്ഷിയും, ഗന്ധർവ്വനും പിന്നെയെന്തൊക്കെ, അന്ന് അതെല്ലാം വിശ്വസിച്ചിരുന്നു. എന്തിനും മടിക്കാത്ത കുടുംബത്തിലെ തലമൂത്ത കാർന്നോന്മാർ, ഇവരൊക്കെ എവിടെയോ പോയി മറഞ്ഞു.
അവൾ ഇലഞ്ഞി മരത്തിൽ ചാരിയിരുന്നു. പെയ്ത് ഒഴിയുന്ന മഴ പോലെ ഓർമ്മകളെല്ലാം കാലത്തിന്റെ അങ്ങേ തലക്കൽ അസ്തമിച്ചു. മനം കടുത്ത വേനൽക്കാറ്റിൽ വേവുമ്പോൾ കുളിരേകാൻ ഒരു കുളിർ കാറ്റായിയെങ്കിലും നീ വന്നിരിന്നെങ്കിൽ. പാലപ്പൂവിന്റെ മണം വായുവിൽ ലയിക്കുന്നതായി അവൾക്ക് തോന്നി. കാലം നിശബ്ദമായി കടന്നുപോയത് അവൾ ഓർത്തു. നടന്നു കയറിയ കാൽപ്പാടുകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഹൃദയം നൊന്തു. ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകളെ ഓർത്ത് കരഞ്ഞു. സണ്ണിച്ചൻ അവളുടെ അടുത്തു വന്ന് ചോദിച്ചു.
"നീയെന്തിനാണ് കരയുന്നത്. എവിടെയാണങ്കിലും ഞാൻ നിന്റെ കൂടെ തന്നെയുണ്ട്."
അവൾ യാചിച്ചു. "മാഞ്ഞു പോകരുത്. എന്നെ ഇരുട്ടിലാക്കരുത്. ദൂരെ നിന്നെങ്കിലും എനിക്ക് കണ്ടാൽ മതി. നിങ്ങൾ തരുന്ന വെട്ടത്തിൽ എന്റെ ഇരുട്ടുകൾ പകലാക്കി ഞാൻ ജീവിച്ചോളാം. ഞാനിനി ആർക്കു വേണ്ടിയാണ് കാത്തിരിക്കേണ്ടത്. നിങ്ങക്കുവേണ്ടി പണ്ട് ഞാൻ കാത്തിരുന്നിട്ടുണ്ട്. എല്ലാം തീർന്നില്ലേ." അവൾ പൊട്ടിക്കരഞ്ഞു.
അവളുടെ ശബ്ദം വായുവിൽ അലയടിച്ചു. ശാന്ത ഓടിയെത്തി ചോദിച്ചു. "എന്താ ലക്ഷ്മിയേടത്തി, എന്തു പറ്റി."
അവൾ ശേഖരനെ ഉറക്കെ വിളിച്ചു. ശേഖരൻ എത്തിയപ്പോളേക്കും ലക്ഷ്മി തളർന്ന വീണു കഴിഞ്ഞിരുന്നു. പിന്നെ അവൾ ഉണർന്നില്ല.
അവസാനിച്ചു.