കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനം അധിക നികുതി ചുമത്താൻ ട്രംപ്

By: 600110 On: Jun 4, 2026, 11:58 AM

കാനഡ, മെക്സിക്കോ, യുകെ, തായ്‌വാൻ തുടങ്ങിയ പ്രമുഖ വ്യാപാര പങ്കാളികൾക്കുമേൽ 10 ശതമാനം അധിക നികുതി ചുമത്താൻ ട്രംപ് ഭരണകൂടം ശുപാർശ ചെയ്തു. ഉത്പന്നങ്ങളുടെ വിതരണ ശൃംഖലയിലെ നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ നിർദ്ദേശമുള്ളത്.

യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ നിർബന്ധിത തൊഴിൽ രീതികൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ഈ രാജ്യങ്ങൾക്ക് കഴിയുന്നില്ലെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ. കൂടാതെ, തൊഴിൽ ചൂഷണ നിരോധന നിയമങ്ങൾ പൂർണ്ണമായോ ഭാഗികമായോ നടപ്പാക്കാത്ത മറ്റ് ഡസൻ കണക്കിന് രാജ്യങ്ങൾക്ക് മേൽ 12.5 ശതമാനം നികുതി ചുമത്താനും യു.എസ് ലക്ഷ്യമിടുന്നുണ്ട്. എന്നാൽ, കാനഡ-യു.എസ്-മെക്സിക്കോ വ്യാപാര കരാറിന്  കീഴിൽ പൂർണ്ണമായും നിയമവിധേയമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളെ ഈ പുതിയ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ട്രംപ് ഭരണകൂടത്തിൻ്റെ മുൻകാല നികുതി നയങ്ങൾ അമേരിക്കൻ സുപ്രീം കോടതി ഈ വർഷം ആദ്യം റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കാനും തൻ്റെ ആഗോള നികുതി അജണ്ടയ്ക്ക് ശക്തമായ നിയമസാധുത നൽകാനുമാണ് 1974-ലെ ട്രേഡ് ആക്ട് സെക്ഷൻ 301 പ്രകാരം ട്രംപ് ഭരണകൂടം ഈ നടപടി ആരംഭിച്ചത്. കാനഡയും മറ്റ് പങ്കാളികളും തങ്ങളുടെ വിപണികളിലേക്ക് ഇത്തരം ഉത്പന്നങ്ങൾ വരുന്നത് തടയാത്തത് അമേരിക്കൻ തൊഴിലാളികൾക്ക് ആഗോളതലത്തിൽ തിരിച്ചടിയാകുന്നുവെന്ന് യു.എസ് ട്രേഡ് റെപ്രസെൻ്റേറ്റീവ് ജാമിസൺ ഗ്രീർ വ്യക്തമാക്കി.

അതേസമയം, വിതരണ ശൃംഖലയിലെ നിർബന്ധിത തൊഴിൽ ചൂഷണത്തിനെതിരെ കാനഡയ്ക്ക് നിലവിൽ ശക്തമായ സംവിധാനങ്ങളുണ്ടെന്നും, ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കാൻ പാർലമെൻ്റിൽ ഉടൻ തന്നെ പുതിയ കർശനമായ നിയമനിർമ്മാണം കൊണ്ടുവരുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി  അറിയിച്ചു. പുതിയ നികുതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി ജൂലൈയിൽ യു.എസിൽ പൊതുജനാഭിപ്രായ രൂപീകരണവും അവലോകനവും നടക്കും.