സാമ്പത്തികം, സ്വയംഭരണം എന്നീ വിഷയങ്ങളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ആൽബർട്ട , ക്യൂബെക് പ്രവിശ്യകൾ തമ്മിൽ ധാരണ

By: 600110 On: Jun 4, 2026, 11:53 AM

സാമ്പത്തികം, സ്വയംഭരണം എന്നീ വിഷയങ്ങളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ആൽബർട്ടയും -ക്യൂബെക്കും തീരുമാനിച്ചു. ബുധനാഴ്ച ക്യൂബെക്ക് സിറ്റിയിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ക്യൂബെക്ക് പ്രീമിയർ ക്രിസ്റ്റിൻ ഫ്രഷെറ്റും പങ്കെടുത്തു. ആഗോളതലത്തിൽ നിലനിൽക്കുന്ന കച്ചവട അസ്ഥിരതകളെ മറികടക്കാൻ പ്രവിശ്യകൾ തമ്മിലുള്ള ആഭ്യന്തര വ്യാപാരം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

'ക്യു-ബെർട്ട'  അല്ലെങ്കിൽ 'ആൽബർ-ബെക്'  എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുതിയ കൂട്ടായ്മയിലൂടെ ഉൽപ്പാദന മേഖല, വ്യോമയാനം, കൃഷി,  ഊർജ്ജം, എ ഐ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഫെഡറൽ ഭരണകൂടത്തിൽ നിന്നുള്ള ഇടപെടലുകൾ പരിമിതപ്പെടുത്തി, പ്രവിശ്യകളുടെ ഭരണഘടനാപരമായ അവകാശങ്ങളും സ്വയംഭരണാധികാരവും സംരക്ഷിക്കുന്നതിൽ ഇരുപക്ഷത്തിനും ഒരേ നിലപാടാണുള്ളതെന്ന് ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. ക്യൂബെക്കിൻ്റെ നിയമനിർമ്മാണ മാതൃകകൾ ആൽബർട്ടയ്ക്ക് ഏറെ പ്രചോദനമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയുന്ന വേളയിൽ കാനഡയ്ക്കുള്ളിൽ തന്നെയുള്ള ഈസ്റ്റ് വെസ്റ്റ്  ഊർജ്ജ ഇടനാഴി  വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. പരസ്പര സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കാൻ മുന്നോട്ട് വരണമെന്ന് ക്യൂബെക്കിലെ ബിസിനസ്സ് പ്രമുഖരോട് ആൽബർട്ട പ്രീമിയർ കൂടിക്കാഴ്ചയിൽ ആഹ്വാനം ചെയ്തു.