ഒൻ്റാരിയോയിൽ തൊഴിൽ പ്രതിസന്ധി രൂക്ഷം. കോവിഡ് ലോക്ക്ഡൗൺ കാലഘട്ടങ്ങൾ മാറ്റിനിർത്തിയാൽ, 1976-ന് ശേഷം ഒൻ്റാരിയോയിലെ തൊഴിൽ മേഖല സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. 2026 ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ മൂന്ന് മാസങ്ങൾക്കുള്ളിൽ 71,000-ത്തിലധികം ആളുകളാണ് പ്രവിശ്യയിലെ തൊഴിൽ വിപണിയിൽ നിന്ന് പുറത്തായത്. ഒൻ്റാരിയോയുടെ സാമ്പത്തിക രംഗം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളാണ് ഈ ഇടിവ് സൂചിപ്പിക്കുന്നതെന്ന് പ്രവിശ്യയുടെ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി ഓഫീസ് മുന്നറിയിപ്പ് നൽകി.
2026-ൻ്റെ ഒന്നാം പാദത്തിൽ ഒൻ്റാരിയോയിലെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ 71,300 പേരുടെ (0.8 ശതമാനം) കുറവാണുണ്ടായത്. തൊഴിൽ ചെയ്യുന്നവരും സജീവമായി ജോലി അന്വേഷിക്കുന്നവരും ഉൾപ്പെടുന്നതാണ് ഈ 'ലേബർ ഫോഴ്സ്'. 2025-ൻ്റെ അവസാനത്തോടെ 58,900 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്ന സ്ഥാനത്ത്, 2026-ൻ്റെ തുടക്കത്തിൽ മാത്രം ഒൻ്റാരിയോയ്ക്ക് 52,900 ജോലികൾ നഷ്ടമായി.
മധ്യവയസ്കരുടെയും മുതിർന്നവരുടെയും തൊഴിലില്ലായ്മാ നിരക്കിൽ നേരിയ കുറവുണ്ടായെങ്കിലും യുവാക്കളെയാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത്. 15 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 15.9 ശതമാനമായി കുതിച്ചുയർന്നു.ഉൽപ്പാദന മേഖല, ശാസ്ത്ര സാങ്കേതിക രംഗം, ചില്ലറ വ്യാപാരം , താമസം-ഭക്ഷണ സേവനങ്ങൾ എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെട്ടത്. കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ഒൻ്റാരിയോയുടെ സാമ്പത്തിക വളർച്ച വളരെ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റിപ്പോർട്ട് പുറത്തുവന്നതോടെ പ്രീമിയർ ഡഗ് ഫോർഡിൻ്റെ സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രവിശ്യയിലെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് പകരം സ്വന്തം പരസ്യങ്ങൾക്കായി സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന് ലിബറൽ എം.പി.പി സ്റ്റെഫാനി ബോവ്മാൻ ആരോപിച്ചു. എട്ട് വർഷം ഭരണത്തിലിരുന്നിട്ടും യുവാക്കൾക്ക് ജോലി നൽകാനോ, നിത്യോപയോഗ സാധനങ്ങളുടെയും വീടുകളുടെയും വിലക്കയറ്റം നിയന്ത്രിക്കാനോ സർക്കാരിന് ഒരു പദ്ധതിയുമില്ലെന്ന് അവർ കൂട്ടിച്ചേർത്തു.