ആൽബർട്ടയിൽ ഒരൊറ്റ കാർഡിൽ മൂന്ന് തിരിച്ചറിയൽ രേഖകൾ; മാറ്റം ജൂലൈ മുതൽ പ്രാബല്യത്തിൽ

By: 600110 On: Jun 4, 2026, 8:53 AM

 

ഡ്രൈവിംഗ് ലൈസൻസ്, ഹെൽത്ത് കാർഡ്, പൗരത്വ രേഖ എന്നിവ ഒന്നിച്ച് ചേർത്തു കൊണ്ടുള്ള പുതിയ തിരിച്ചറിയൽ കാർഡുകൾ 2026 ജൂലൈ രണ്ട് മുതൽ ആൽബർട്ട സർക്കാർ വിതരണം ചെയ്യും. ഇതിലൂടെ സേവനങ്ങൾ  കൂടുതൽ എളുപ്പമാകുമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ സുരക്ഷാ ആശങ്കൾ ഉന്നയിച്ച് വിദഗ്ധരും രംഗത്തെത്തി. 

ഒന്നിലധികം കാർഡുകൾ എപ്പോഴും കൂടെക്കൊണ്ടുപോകേണ്ടി വരുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് സർക്കാരിൻ്റെ പുതിയ നീക്കം. നിലവിലുള്ള പേപ്പർ ഹെൽത്ത് കാർഡുകൾ വേഗത്തിൽ കേടുവരുന്നതും മറ്റൊരു കാരണമാണ്. കാർഡിൻ്റെ മുകളിൽ വലതുഭാഗത്തായി കനേഡിയൻ പൗരന്മാർക്ക് ‘CAN’ എന്ന അടയാളവും, പുറകിലായി ഹെൽത്ത് കെയർ നമ്പറും പ്രിൻ്റഅ ചെയ്തിട്ടുണ്ടാകും. വ്യാജ കാർഡുകൾ നിർമ്മിക്കുന്നത് തടയാൻ 54 ഓളം സുരക്ഷാ ഫീച്ചറുകൾ ഇതിലുണ്ട്.

ആറ് വർഷത്തേക്ക് 17 മില്യൺ ഡോളറാണ് ഈ പദ്ധതിക്കായി സർക്കാർ കണക്കാക്കുന്നതെങ്കിലും, ഭാവിയിൽ ഇതിലൂടെ വലിയൊരു തുക ലാഭിക്കാൻ സഹായിക്കുമെന്ന് സർവീസ് ആൽബർട്ട മന്ത്രി ഡെയ്ൽ നാലി പറഞ്ഞു. നിലവിൽ ആൽബർട്ടയിലെ ജനസംഖ്യയേക്കാൾ കൂടുതൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പുതിയ മാറ്റം ഈ തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കാർഡിനായി പ്രത്യേക ഫീസുകളൊന്നും ഈടാക്കില്ല (സാധാരണ പുതുക്കൽ ഫീസ് മാത്രം മതിയാകും). രേഖകൾ സംഘടിപ്പിക്കാനായി ലൈസൻസ് കാലാവധി കഴിയുന്നവർക്ക് 60 ദിവസത്തെ താൽക്കാലിക ഇളവും സർക്കാർ അനുവദിച്ചിട്ടുണ്ട്. പോക്കറ്റിലെ കാർഡുകളുടെ എണ്ണം കുറയുമെന്നതിൽ ഒരു വിഭാഗം ജനങ്ങൾ സന്തോഷം പ്രകടിപ്പിക്കുമ്പോൾ, സ്വകാര്യതയും സുരക്ഷയുമാണ് സൈബർ വിദഗ്ദ്ധരെ ആശങ്കപ്പെടുത്തുന്നത്.  ഈ കാർഡ് നഷ്ടപ്പെടുകയോ ഇതിൻ്റെ ഡാറ്റാബേസ് ചോരുകയോ ചെയ്താൽ വലിയ തോതിലുള്ള സാമ്പത്തിക-വ്യക്തിഗത തട്ടിപ്പുകൾക്ക് അത് വഴിവെക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.