വിൻസർ നഗരത്തിലെ ഒരു മലിനജല പ്ലാൻ്റിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തിയ 'പീനട്ട്'എന്ന പെരുമ്പാമ്പ് ഒടുവിൽ അതിൻ്റെ ഉടമസ്ഥൻ്റെ കൈകളിൽ സുരക്ഷിതമായി തിരിച്ചെത്തി. ദുർഘടമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ മൂന്നരയടി നീളമുള്ള പെരുമ്പാമ്പ് ഉടമയുടെ അടുത്ത് തിരിച്ചെത്തിയത്.
കഴിഞ്ഞ മെയ് 13-നാണ് കാനഡയിലെ വിൻസറിലുള്ള കോണർ റസ്സറ്റിൻ്റെ വീട്ടിൽ നിന്ന് പീനട്ടിനെ കാണാതാകുന്നത്. വീടുമുഴുവൻ തിരഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന്, ഇത് വീടിനുള്ളിലെ പ്ലംബിംഗ് പൈപ്പുകൾക്കുള്ളിലേക്ക് കയറിപ്പോയിട്ടുണ്ടാകാമെന്ന് കോണർ ഭയപ്പെട്ടിരുന്നു. എന്നാൽ കാണാതായി ആഴ്ചകൾക്ക് ശേഷം, മെയ് 22-നാണ് വിൻസറിലെ 'ലിറ്റിൽ റിവർ പൊല്യൂഷൻ കൺട്രോൾ പ്ലാൻ്റിലെ' ഒരു കളക്ഷൻ ബിന്നിനുള്ളിൽ പീനട്ടിനെ ജീവനോടെ കണ്ടെത്തിയത്. പ്ലാൻ്റിലെ ചീഫ് ഓപ്പറേറ്ററായ ജെഫ് മില്ലർ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്ത് മൃഗസംരക്ഷണ സംഘടനയായ ഹ്യൂമെയ്ൻ സൊസൈറ്റിയെ ഏൽപ്പിച്ചു.
മലിനജല പൈപ്പുകളിലൂടെയുള്ള യാത്രയെ അതിജീവിച്ച് ഒരു ജീവി തിരിച്ചെത്തുന്നത് അത്യപൂർവ്വമാണെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ 16 വർഷത്തെ സർവീസിനിടയിൽ ഇങ്ങനെയൊരു സംഭവം ആദ്യമായാണ് കാണുന്നതെന്ന് പ്ലാൻ്റിൻ്റെ ക്സിക്യൂട്ടീവ് ഡയറക്ടർ എഡ് വാൽഡെസ് വ്യക്തമാക്കി. ഹ്യൂമെയ്ൻ സൊസൈറ്റി തങ്ങൾക്ക് കിട്ടിയ പാമ്പിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് വഴിത്തിരിവായത്. ഇത് കണ്ട കോണർ ഉടൻ തന്നെ അധികൃതരെ ബന്ധപ്പെടുകയും പാമ്പിൻ്റെ ശരീരത്തിലെ പ്രത്യേക അടയാളങ്ങൾ കണ്ട് അത് തൻ്റെ 'പീനട്ട്' തന്നെയെന്ന് തിരിച്ചറിയുകയും ചെയ്തു. ആളുകളോട് വളരെ സൗമ്യമായി ഇടപഴകുന്ന സ്വഭാവമുള്ളതിനാൽ ഇതൊരു വളർത്തുപാമ്പാണെന്ന് ഹ്യൂമെയ്ൻ സൊസൈറ്റി ഡയറക്ടർ ലിനറ്റ് ബെയിനും സ്ഥിരീകരിച്ചു. മലിനജല പൈപ്പിലൂടെയുള്ള യാത്രയിൽ പീനട്ടിൻ്റെ ശരീരത്തിൽ ചെറിയ മുറിവുകൾ പറ്റിയിട്ടുണ്ട്. നിലവിൽ വെറ്ററിനറി പരിശോധനകൾക്കും മരുന്നുകൾക്കും ശേഷം പാമ്പ് സുഖം പ്രാപിച്ചു വരുന്നു.