2026-ലെ കാനഡ ദേശീയ സെൻസസ് വിവരങ്ങൾ ഇതുവരെ സമർപ്പിക്കാത്ത കുടുംബങ്ങളെ തേടി സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഉദ്യോഗസ്ഥർ ഉടൻ എത്തും. വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെ കനേഡിയൻ നിയമപ്രകാരം 500 ഡോളർ മുതൽ 1,000 ഡോളർ വരെ (ഏകദേശം 40,000 മുതൽ 80,000 വരെ ഇന്ത്യൻ രൂപ) പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സെൻസസ് ഫോമുകൾ സമർപ്പിക്കാത്തവരിൽ നിന്ന് ഫോൺ കോളുകളിലൂടെയും വീടുകൾ നേരിട്ട് സന്ദർശിച്ചുമായിരിക്കും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുക.
ഓരോ അഞ്ചുവർഷം കൂടുമ്പോഴുമാണ് കാനഡയിൽ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്നതിനായി സെൻസസ് നടത്തുന്നത്. ഈ വർഷത്തെ ഔദ്യോഗിക സെൻസസ് തീയതി മെയ് 12 ആയിരുന്നു. ദശലക്ഷക്കണക്കിന് കനേഡിയൻമാർ ഇതിനകം തന്നെ ഓൺലൈനായോ ഫോൺ വഴിയോ വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും, ബാക്കിയുള്ളവരെ ഉൾപ്പെടുത്താനാണ് ഈ മാസത്തെ പ്രത്യേക ഫോളോ-അപ്പ് ക്യാമ്പയിൻ.
വീട്ടിൽ വരുന്ന സെൻസസ് ജീവനക്കാരുടെ ഐഡൻ്റിറ്റിയിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ 1-833-852-2026 എന്ന നമ്പറിൽ വിളിച്ച് അത് ഉറപ്പുവരുത്താവുന്നതാണ്. ജീവനക്കാർ നിർബന്ധമായും പേരും ഫോട്ടോയും എംപ്ലോയ്‌മെൻ്റ് നമ്പരുമുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ധരിച്ചിരിക്കണം. കർഷകർക്കായുള്ള പ്രത്യേക സെൻസസ് നടപടികളും ഇതോടൊപ്പം പുരോഗമിക്കുകയാണ്. കർഷകരെ ഫോൺ വഴിയോ ഇമെയിൽ വഴിയോ അധികൃതർ ബന്ധപ്പെടും. സഹായങ്ങൾക്കായി 1-855-859-6273 എന്ന ഹെൽപ്പ് ലൈൻ നമ്പരുണ്ട്. കേൾവി-സംസാര വൈകല്യമുള്ളവർക്കായി 1-833-652-0195 എന്ന TTY നമ്പരും സജ്ജമാക്കിയിട്ടുണ്ട്.
രാജ്യത്തെ സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ എന്നിവ എവിടെയൊക്കെ നിർമ്മിക്കണമെന്ന് തീരുമാനിക്കുന്നതും കമ്മ്യൂണിറ്റി പ്രോഗ്രാമുകൾക്കായി ഫണ്ട് അനുവദിക്കുന്നതും ഈ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്റ്റാറ്റിസ്റ്റിക്സ് ആക്ട് പ്രകാരം സെൻസസ് വിവരങ്ങൾ കൃത്യമായി നൽകുക എന്നത് നിയമപരമായ ബാധ്യതയും പൗരധർമ്മവുമാണ്. പിഴ നടപടികൾ ഒഴിവാക്കാൻ എല്ലാവരും സെൻസസ് ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അഭ്യർത്ഥിച്ചു. എല്ലാ വീടുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതുവരെ ഈ ക്യാമ്പയിൻ തുടരും.