കാനഡയിൽ ജനപ്രതിനിധികളുടെ കൂറുമാറ്റത്തിനെതിരെ സ്വകാര്യ ബിൽ അവതരിപ്പിച്ച് എൻ.ഡി.പി. പാർലമെൻ്ററി നേതാവ് ഡോൺ ഡേവിസ്. പുതിയ പാർട്ടിയിൽ ചേരുന്നതിന് മുൻപ് ജനപ്രതിനിധികൾ നിർബന്ധമായും ഉപതിരഞ്ഞെടുപ്പിനെ നേരിടണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബിൽ. ജൂൺ രണ്ടിനാണ് ഡോൺ ഡേവിസ് കനേഡിയൻ ഹൗസ് ഓഫ് കോമൺസിൽ നിർണ്ണായക ബിൽ അവതരിപ്പിച്ചത്. സമീപകാലത്ത് നടന്ന ചില കൂറുമാറ്റങ്ങൾ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാരിന് ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ സഹായകരമായിരുന്നു. ഇതിനു പിന്നാലെയാണ് ജനാധിപത്യപരമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാവുകയും ഈ നിയമനിർമ്മാണ നീക്കമുണ്ടാവുകയും ചെയ്തതെന്നത് ശ്രദ്ധേയമാണ്.
പുതിയ ബിൽ അനുസരിച്ച് ഒരു എം.പി.ക്കും നേരിട്ട് മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ സാധിക്കില്ല. നിലവിലെ പാർട്ടി വിടുന്ന എം.പി. ആദ്യം സ്വതന്ത്രനായി സഭയിൽ ഇരിക്കേണ്ടി വരും. പുതിയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചാൽ മാത്രമേ ആ പാർട്ടിയിൽ ചേരാൻ അനുവദിക്കൂ. ഭൂരിപക്ഷം ഉറപ്പിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി കൂറുമാറ്റങ്ങളെ ആശ്രയിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ഡോൺ ഡേവിസ് കുറ്റപ്പെടുത്തി. ഇത് ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുമെന്നും, ഒരു ജനപ്രതിനിധിക്ക് പാർട്ടി മാറാൻ അവകാശമുണ്ടോ എന്ന് വോട്ടർമാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും ലിബറൽ പാർട്ടിയിലേക്ക് മാറിയ നോവ സ്കോഷ്യയിലെ എം.പി. ക്രിസ് ഡി എൻട്രെമോണ്ട് തൻ്റെ തീരുമാനത്തെ ന്യായീകരിച്ചു. മണ്ഡലത്തിലെ ജനങ്ങളോട് ആലോചിച്ച ശേഷമാണ് താൻ പാർട്ടി മാറിയതെന്നും, സ്വന്തം മണ്ഡലത്തിന് ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന പാർട്ടി തിരഞ്ഞെടുക്കാൻ പാർലമെൻ്റ് അംഗങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ഈ ബിൽ പാസാക്കാൻ സാധ്യത കുറവാണെന്ന് ഡോൺ ഡേവിസ് തന്നെ സമ്മതിക്കുന്നുണ്ട്. എങ്കിലും ജനാധിപത്യ വ്യവസ്ഥിതിയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ എല്ലാ പാർട്ടിയിലെയും എം.പി.മാർ ഇതിനെ പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രതീക്ഷ. വോട്ടർമാരോടുള്ള ഉത്തരവാദിത്തവും ജനപ്രതിനിധികളുടെ വ്യക്തിസ്വാതന്ത്ര്യവും തമ്മിലുള്ള ഒരു വലിയ രാഷ്ട്രീയ ചർച്ചയ്ക്കാണ് ഈ ബിൽ ഇപ്പോൾ കാനഡയിൽ വഴിതുറന്നിരിക്കുന്നത്.