കാനഡയെ അമേരിക്കയുടെ അമ്പത്തിയൊന്നാം സംസ്ഥാനം ആക്കണമെന്ന പ്രസ്താവന ആവർത്തിച്ച ഡോണൾഡ് ട്രംപിൻ്റെ നടപടിയിൽ അതൃപ്തി പ്രകടമാക്കി കനേഡിയൻ നേതാക്കൾ

By: 600110 On: Jun 3, 2026, 11:44 AM

 

കാനഡയെ അമേരിക്കയുടെ "അമ്പത്തിയൊന്നാം സംസ്ഥാനം" ആക്കണമെന്ന പ്രസ്താവന വീണ്ടും ആവർത്തിച്ച ഡോണൾഡ് ട്രംപിൻ്റെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടമാക്കി കനേഡിയൻ നേതാക്കൾ. ട്രംപിൻ്റെ ഈ നിർദ്ദേശത്തെ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ശക്തമായി തള്ളിക്കളഞ്ഞപ്പോൾ, രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ കാനഡയ്ക്ക് കരുത്തുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.

ജൂൺ ഒന്നിന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ'വഴിയാണ് ട്രംപ് ഈ വിവാദ പരാമർശം നടത്തിയത്. കാനഡയിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ബ്ലൂംബെർഗ് വാർത്ത ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിൻ്റ പോസ്റ്റ്. അമേരിക്കയുടെ നിയന്ത്രണത്തിലായാൽ കാനഡയ്ക്ക് കൂടുതൽ മെച്ചപ്പെട്ട ഭാവിയുണ്ടാകുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. പരമാധികാരം വളരെ പ്രധാനമായി കാണുന്ന കാനഡയിൽ ട്രംപിൻ്റെ ഈ പ്രസ്താവന വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

നിലവിൽ സാമ്പത്തിക വളർച്ച കുറവാണെങ്കിലും സർക്കാരിൻ്റെ സാമ്പത്തിക പരിഷ്കരണ പദ്ധതികൾ ലക്ഷ്യം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.ട്രംപിൻറെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് 'X' പ്ലാറ്റ്‌ഫോമിലൂടെ ശക്തമായ മറുപടി നൽകി. കാനഡ ഒരിക്കലും അമേരിക്കയുടെ അമ്പത്തിയൊന്നാം സംസ്ഥാനമാകില്ലെന്നും രാജ്യം ആർക്കും വിൽക്കാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനസംഖ്യാനുപാതികമായി നോക്കിയാൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അമേരിക്കയേക്കാൾ 680 ശതമാനം കൂടുതൽ തൊഴിലവസരങ്ങൾ ഒൻ്റാരിയോ സൃഷ്ടിച്ചിട്ടുണ്ടെന്നും ട്രംപിനെ അദ്ദേഹം ഓർമ്മിപ്പിച്ചു.

കാനഡയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റമായാണ് കനേഡിയൻ ഉദ്യോഗസ്ഥർ ട്രംപിൻ്റെ വാക്കുകളെ കാണുന്നത്. കാനഡയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ വലിയ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാൻ ട്രംപിൻ്റെ ഈ പരാമർശങ്ങൾ കാരണമായിട്ടുണ്ട്. എന്നാൽ രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കനേഡിയൻ നേതാക്കൾ ജനങ്ങൾക്ക് ഉറപ്പുനൽകി.