ജർമ്മൻ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ജർമ്മൻ എംബസി വക്താവ് ഡൽഹിയിൽ അറിയിച്ചു. ജൂൺ 3 മുതൽ ഇത് പ്രാബല്യത്തിൽ വന്നതായും അദ്ദേഹം വ്യക്തമാക്കി. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക് മേർസ് ജനുവരിയിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ഉണ്ടാക്കിയ ഉഭയകക്ഷി കരാറിൻ്റെ ഭാഗമായാണ് ഈ തീരുമാനം.
ജർമ്മനിയുടെ ഫെഡറൽ ലോ ഗസറ്റിൽ ജൂൺ രണ്ടിന് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ജൂൺ 3 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതോടെ, ജർമ്മൻ വിമാനത്താവളങ്ങൾ ട്രാൻസിറ്റ് ഹബ്ബായി ഉപയോഗിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് പ്രത്യേക ട്രാൻസിറ്റ് വിസ കൂടാതെ തന്നെ യാത്ര ചെയ്യാൻ കഴിയും. ഈ തീരുമാനത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഊഷ്മളമായി സ്വാഗതം ചെയ്തു. ഇന്ത്യ- ജർമ്മനി ബന്ധം ഊട്ടി ഉറപ്പിക്കുന്ന ഈ നടപടി ഇരു രാജ്യങ്ങൾ തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് വിമാനത്താവളങ്ങൾ വഴി പതിവായി യാത്ര ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ, തൊഴിൽ വിദഗ്ദ്ധർ, വ്യാപാരികൾ, ടൂറിസ്റ്റുകൾ എന്നിവർക്ക് ഈ ഇളവ് വലിയ ആശ്വാസം നൽകും. ഇന്ത്യ-ജർമ്മനി സാമ്പത്തിക, വിദ്യാഭ്യാസ, വ്യാവസായിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.