പി പി ചെറിയാന്‍
മോണ്ടാന: മോണ്ടാനയിലെ സര്‍ക്കാര്‍ ലബോറട്ടറിയിലെ രണ്ട് ശാസ്ത്രജ്ഞര്‍ക്കെതിരെ നിര്‍വീര്യമാക്കിയ എംപോക്‌സ് വൈറസ് രാജ്യത്തേക്ക് കടത്തിയതിനും അധികൃതരോട് കള്ളം പറഞ്ഞതിനും കേസ് ഫയല്‍ ചെയ്തു. മോണ്ടാനയിലെ റോക്കി മൗണ്ടന്‍ ലബോറട്ടറിയിലെ ചീഫ് ആയ വിന്‍സെന്റ് മുന്‍സ്റ്റര്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ക്ലോഡ് ക്വെ എന്നിവര്‍ക്കെതിരെയാണ് ഡെട്രോയിറ്റ് ഫെഡറല്‍ കോടതിയില്‍ ക്രിമിനല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികളെ ബുധനാഴ്ച മോണ്ടാനയിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും.
കോംഗോ സന്ദര്‍ശനത്തിന് ശേഷം പാരിസ് വഴി ഡെട്രോയിറ്റ് വിമാനത്താവളത്തില്‍ എത്തിയ ഇവരെ പരിശോധിച്ചപ്പോഴാണ് നിര്‍വീര്യമാക്കിയ എംപോക്‌സ് വൈറസ് അടങ്ങിയ കുപ്പികള്‍ കണ്ടെത്തിയത്.
ആവശ്യമായ അനുമതി പത്രങ്ങളില്ലാതെ ജൈവ സാമഗ്രികള്‍ കടത്താന്‍ ശ്രമിക്കുകയും, ലഗേജില്‍ ഇത്തരം വസ്തുക്കള്‍ ഇല്ലെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് വ്യാജ പ്രസ്താവന നടത്തുകയും ചെയ്തു.
പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ജനവിശ്വാസത്തിന്മേലുള്ള ലംഘനമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്ന് അറിയിച്ചു. ലബോറട്ടറിയിലെ ഗവേഷണങ്ങള്‍ക്ക് വേണ്ടിയാണോ ഇവര്‍ ഇത് കൊണ്ടുവന്നതെന്ന് വ്യക്തമല്ല.