രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം; 16 താപവൈദ്യുത നിലയങ്ങള്‍ പൂട്ടി

By: 600007 On: Oct 10, 2021, 4:32 PM

രാജ്യം കടുത്ത കല്‍ക്കരി ക്ഷാമത്തിലേക്ക്.  കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് 13 താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടു. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായും ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാന്‍ പരമാവധി  ശ്രമിക്കുന്നുണ്ടെന്നും റെഗുലേറ്ററി കമ്മീഷന്‍ പറഞ്ഞു. രാവിലെ ആറ് മണി മുതല്‍ രാവിലെ പത്തുമണിവരെയും വൈകീട്ട് ആറ് മണിമുതല്‍ രാത്രി പത്തുമണിവരെ വൈദ്യുതി മിതമായി ഉപയോഗിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

പഞ്ചാബിലും മൂന്ന് താപവൈദ്യുത നിലയങ്ങള്‍ അടച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ള കല്‍ക്കരി വിതരണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ആവശ്യപ്പെട്ടു. 5620 മെഗാവാട്ട് ആണ് പഞ്ചാബിലെ താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. എന്നാല്‍ നിലവില്‍ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. രൂപ്‌നഗര്‍, രജ്പുര, തല്‍വാണ്ടി സബോ, ഗോയിന്ദ്‌വാള്‍ സാഹിബ് എന്നീ പ്ലാന്റുകള്‍ മാത്രമാണ് ഇപ്പോള്‍ ഏതാനും ദിവസങ്ങളായി പ്രവര്‍ത്തിക്കുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് മൂന്ന് പ്ലാന്റുകളും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ സംസ്ഥാനത്തെ കല്‍ക്കരി സ്‌റ്റോക്ക് തീരും. വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content highlight: Forced to shut thermal power units due to coalshortage