ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ 629-ാമത് സമ്മേളനം: റവ. പി. എം. സാമുവല്‍ വചനസന്ദേശം നല്‍കി

By: 600002 On: Jun 3, 2026, 9:00 AM



പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന പ്രവാസി മലയാളി കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനിന്റെ (IPL) 629ാമത് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സമ്മേളനം ജൂണ്‍ 2 ചൊവ്വാഴ്ച ഭക്തിപൂര്‍വ്വം നടന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോകത്തിന്റെ ഇതര കോണുകളില്‍ നിന്നുമായി നിരവധി വിശ്വാസികളാണ് ഈ ആത്മീയ സംഗമത്തില്‍ പങ്കെടുത്തത്.

ഈസ്റ്റേണ്‍ സമയം രാത്രി 9 മണിക്ക് (സെന്‍ട്രല്‍ സമയം 8:00 മണി) ആരംഭിച്ച യോഗത്തില്‍ ഡെട്രോയിറ്റില്‍ നിന്നുള്ള സി. വി. സാമുവല്‍ സ്വാഗതവും ആമുഖ പ്രസംഗവും നടത്തി. തുടര്‍ന്ന് അറ്റ്‌ലാന്റയില്‍ നിന്നുള്ള തോമസ് ജോണ്‍ (രാജു) പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ലൂക്കോസ് എഴുതിയ സുവിശേഷം 10:38-42 വരെയുള്ള തിരുവചനഭാഗം (മാര്‍ത്തയുടെയും മറിയാമിന്റെയും ഭവനം യേശു സന്ദര്‍ശിക്കുന്നത്) ടെന്നസിയില്‍ നിന്നുള്ള ഡോ. സൂസന്‍ അലക്‌സ് (ശാന്തി) ഭക്തിപൂര്‍വ്വം വായിച്ചു.

തുടര്‍ന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ വെരി റവ. പി. എം. സാമുവല്‍ (ഫിലാഡല്‍ഫിയ) മുഖ്യ വചനസന്ദേശം നല്‍കി. ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ദൈവവചനം കേള്‍ക്കാനും ആത്മീയമായ ശാന്തത കണ്ടെത്താനും മറിയാമിനെപ്പോലെ 'നല്ല പങ്ക്' തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് നടന്ന മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നുള്ള ഡോ. ജോര്‍ജ്ജ് വര്‍ഗീസ് (മോനി) നേതൃത്വം നല്‍കി. ലോകസമാധാനത്തിനായും രോഗ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായും യോഗം പ്രത്യേകമായി പ്രാര്‍ത്ഥിച്ചു.