സണ്ണി മാളികക്കല്‍
വാഷിംഗ്ടണ്‍: യുഎസില്‍ കൃത്യമായ രേഖകളില്ലാതെ അനധികൃതമായി താമസിച്ച് ട്രക്ക് ഓടിച്ചിരുന്ന 30 ഇന്ത്യന്‍ പൗരന്മാര്‍ യുഎസ് ബോര്‍ഡര്‍ പട്രോള്‍ വിഭാഗത്തിന്റെ പിടിയിലായി. അരിസോണയിലെ യുമാ സെക്ടറില്‍ മെയ് 11 മുതല്‍ 15 വരെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ നടത്തിയ ''ഓപ്പറേഷന്‍ ചെക്ക് മേറ്റ്' എന്ന പ്രത്യേക പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിയിലായ ഇന്ത്യക്കാരെ ഉടന്‍ തന്നെ നാട്ടിലേക്ക് നാടുകടത്തുമെന്ന് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.
വലിയ കൊമേഴ്‌സ്യല്‍ ട്രക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആകെ 52 പേരാണ് അറസ്റ്റിലായത്. ഇതില്‍ ട്രക്ക് ഡ്രൈവര്‍മാരായ 36 പേരില്‍ 30 പേരും ഇന്ത്യന്‍ പൗരന്മാരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മെക്‌സിക്കോ, എല്‍ സാല്‍വദോര്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായ മറ്റുള്ളവര്‍.
അറസ്റ്റിലായ ഭൂരിഭാഗം ഇന്ത്യക്കാരുടെയും പക്കല്‍ മുന്‍പ് ലഭിച്ച തൊഴില്‍ അനുമതി രേഖകള്‍ ഉണ്ടായിരുന്നുവെങ്കിലും അവയുടെ കാലാവധി കഴിഞ്ഞിരുന്നു.
കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ തുടങ്ങിയ വിവിധ യുഎസ് സംസ്ഥാനങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി സംഘടിപ്പിച്ച കൊമേഴ്‌സ്യല്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ട്രക്കുകള്‍ ഓടിച്ചിരുന്നത്. പരിശോധനയില്‍ ചിലരുടെ പക്കല്‍ യാതൊരുവിധ രേഖകളും കണ്ടെത്താനായില്ല.
പൊതുസുരക്ഷ മുന്‍നിര്‍ത്തി അനധികൃത ഡ്രൈവര്‍മാരെ റോഡുകളില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് കര്‍ശന നടപടി സ്വീകരിച്ചത്. ഫെഡറല്‍ ഇമിഗ്രേഷന്‍ നിയമപ്രകാരം അറസ്റ്റിലായ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും ഇവരെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി.