കാൽഗറിയിൽ ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ട് നടക്കുന്ന പണം തട്ടൽ കേസുകളുമായി ബന്ധപ്പെട്ട് രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാൽഗറി സ്വദേശികളായ സന്ദീപ് സിംഗ് (30), അമൻദീപ് മല്ലി (39) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. മെയ് അഞ്ചിന് സാഡിൽ റിഡ്ജിലെ ഒരു ബിസിനസ്സ് സ്ഥാപന ഉടമയ്ക്ക് നേരെ ഉണ്ടായ ഭീഷണിയെത്തുടർന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് ഒഫൻഡർ മാനേജ്‌മെൻ്റ് വിഭാഗം നടത്തിയ സമഗ്രമായ അന്വേഷണമാണ് ഈ അറസ്റ്റിലേക്ക് നയിച്ചത്. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ഉടമയേയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊല്ലുമെന്നായിരുന്നു പ്രതികളുടെ ഭീഷണി.
മെയ് 28-ന് വടക്കുകിഴക്കൻ കാൽഗറിയിലെ ഒരു വസതിയിൽ നടത്തിയ തിരച്ചിലിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും, ഈ രണ്ടുപേർക്കെതിരെയാണ് നിലവിൽ പണം തട്ടൽ, പണം കൈവശം വെക്കൽ എന്നീ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പണം തട്ടൽ പരമ്പര കമ്മ്യൂണിറ്റിയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്ന് കാൽഗറി പോലീസ് വിലയിരുത്തി. കഴിഞ്ഞ കുറച്ചുകാലങ്ങളായി കാൽഗറിയിൽ മാത്രം ഇതുമായി ബന്ധപ്പെട്ട് 46 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; ഇതിൽ വീടുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും നേരെയുണ്ടായ 19 വെടിവെയ്പ്പുകളും ഉൾപ്പെടുന്നു. ഇതുവരെ 14 പേർക്കെതിരെ 54 ഓളം കുറ്റകൃത്യങ്ങളാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.