കാനഡയിലെ എംപ്ലോയ്മെൻ്റ് ഇൻഷുറൻസ് സംവിധാനം  പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

By: 600110 On: Jun 2, 2026, 1:58 PM

 

കാനഡയിലെ എംപ്ലോയ്മെൻ്റ് ഇൻഷുറൻസ് സംവിധാനം  നിലവിലെ തൊഴിൽ വിപണിക്ക് അനുയോജ്യമല്ലെന്നും അത് അടിയന്തരമായി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഫുഡ് ബാങ്ക്സ് കാനഡ  പുറത്തുവിട്ട റിപ്പോർട്ട് മാധ്യമശ്രദ്ധ നേടുന്നു. പാർട്ട് ടൈം ജോലികൾ, താത്കാലിക കരാറുകൾ, ഗിഗ് വർക്കുകൾ എന്നിവ ചെയ്യുന്ന സാധാരണക്കാരുടെ എണ്ണം രാജ്യത്ത് വൻതോതിൽ വർദ്ധിച്ചിട്ടും, ഒരു നിശ്ചിത സ്ഥാപനത്തിൽ സ്ഥിരമായി ജോലി ചെയ്യുന്നവർക്ക് മാത്രം മുൻഗണന നൽകുന്ന രീതിയിലാണ് ഇപ്പോഴും ഇ.ഐ സംവിധാനം പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കാനഡയിൽ ജീവിതച്ചെലവ് ക്രമാതീതമായി ഉയരുകയും തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കാലഹരണപ്പെട്ട ഈ ഇൻഷുറൻസ് നയം രാജ്യത്തെ ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് വലിയൊരു ഭീഷണിയാണെന്ന് ഫുഡ് ബാങ്ക്സ് കാനഡ ചീഫ് എക്സിക്യൂട്ടീവ് കിർസ്റ്റിൻ ബേർഡ്‌സ്‌ലി പറഞ്ഞു. ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് യോഗ്യത നേടുന്നതിനായി നിശ്ചയിച്ചിട്ടുള്ള കർശനമായ മാനദണ്ഡങ്ങളാണ് സാധാരണ തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നത്. ഒരു നിശ്ചിത കാലയളവിനുള്ളിൽ നിശ്ചിത മണിക്കൂറുകൾ ജോലി ചെയ്തിരിക്കണം എന്ന വ്യവസ്ഥ, ഒന്നിലധികം ജോലികൾ ചെയ്യുന്നവർക്കും കൃത്യമല്ലാത്ത പ്രവൃത്തിസമയമുള്ളവർക്കും പാലിക്കാൻ സാധിക്കാറില്ല.

ഇതുമൂലം വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇ.ഐ ആനുകൂല്യങ്ങളിൽ നിന്നും പുറന്തള്ളപ്പെടുകയും, ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇ.ഐ ആനുകൂല്യങ്ങളുടെ പരിധി വിപുലീകരിക്കണമെന്നും, കുറഞ്ഞ പ്രതിവാര ആനുകൂല്യം 450 ഡോളറായി ഉയർത്തണമെന്നും ഫുഡ് ബാങ്ക്സ് കാനഡ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.