കാനഡയിൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം ബ്രിട്ടീഷ് കൊളംബിയയിലെന്ന് പുതിയ റിപ്പോർട്ട്

By: 600110 On: Jun 2, 2026, 1:48 PM

 

കാനഡയിൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം ബ്രിട്ടീഷ് കൊളംബിയയിലെന്ന്  ബിസിനസ് കൗൺസിൽ ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ റിപ്പോർട്ട്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം പ്രവിശ്യയിലെ യുവാക്കളുടെ തൊഴിൽ നിരക്ക് 2017-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.   ബ്രിട്ടീഷ് കൊളംബിയയിൽ യുവാക്കളുടെ ജനസംഖ്യ എക്കാലത്തെയും ഉയർന്ന നിരക്കായ 6.71 ലക്ഷത്തിൽ എത്തിനിൽക്കുമ്പോഴാണ് ഈ പ്രതിസന്ധി എന്നതും ശ്രദ്ധേയമാണ്.

തൊഴിൽ കണ്ടെത്തുന്ന യുവാക്കളുടെ എണ്ണം കുറയുകയാണെന്നും, ഉള്ളവർക്ക് തന്നെ കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നതെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പതിനായിരക്കണക്കിന് യുവാക്കൾക്ക് ജോലിയില്ലാതാകുന്നത് പ്രവിശ്യയുടെ ഭാവി സാമ്പത്തിക വളർച്ചയെയും നികുതി വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. ജോലി അന്വേഷിക്കുന്നത് പൂർണ്ണമായും നിർത്തിയവരെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്താത്തതിനാൽ യഥാർത്ഥ പ്രതിസന്ധി ഇതിലും വലുതായിരിക്കാനാണ് സാധ്യത.

കാനഡയിലെ മറ്റ് പ്രവിശ്യകളിൽ 2019-ന് ശേഷം യുവാക്കളുടെ തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടായപ്പോൾ ബ്രിട്ടീഷ് കൊളംബിയ മാത്രം പിന്നോട്ട് പോവുകയായിരുന്നു. നോവ സ്കോഷ്യയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് കൊളംബിയയുടെ അത്ര രൂക്ഷമല്ല. കഴിഞ്ഞ ഏഴ് വർഷത്തിനിടെ യുവാക്കളുടെ തൊഴിൽ നിരക്കിൽ 14 ശതമാനത്തിൻ്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ യുവജന തൊഴിൽ പങ്കാളിത്തത്തിൽ ബ്രിട്ടീഷ് കൊളംബിയ കാനഡയിൽ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

റീട്ടെയിൽ, താമസം, ഭക്ഷണ സേവനങ്ങൾ എന്നീ മേഖലകളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ നിയമനങ്ങൾ കുറഞ്ഞതും പുതിയ ഉദ്യോഗാർത്ഥികളുടെ എണ്ണം പെട്ടെന്ന് വർദ്ധിച്ചതുമാണ് ഈ അവസ്ഥയ്ക്ക് കാരണം. യുവാക്കൾക്കും രക്ഷിതാക്കൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ ഭരണകർത്താക്കൾ അടിയന്തിരമായി ഇടപെടണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.