പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച 'ബുക്ക്മാര്‍ക്ക് ഡിസൈന്‍' മത്സരത്തിലെ വിജയികളെ സെക്കന്‍ഡ് ലേഡി ഉഷാ വാന്‍സ് പ്രഖ്യാപിച്ചു. നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ദി ആര്‍ട്സുമായി (NEA) സഹകരിച്ച് പ്രൈമറി, മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്. 'അമേരിക്ക തങ്ങള്‍ക്ക് എന്താണ് അര്‍ത്ഥമാക്കുന്നത്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു വിദ്യാര്‍ത്ഥികള്‍ ബുക്ക്മാര്‍ക്കുകള്‍ രൂപകല്‍പ്പന ചെയ്തത്.
വിവിധ പ്രായപരിധിയിലുള്ള വിഭാഗങ്ങളില്‍ നിന്നായി ഐറിസ് ഷാങ് (കാലിഫോര്‍ണിയ), മാര്‍ഗരറ്റ് മക്കോള്‍ (ഫ്‌ലോറിഡ), ഈഡന്‍ പെഥല്‍ (ജോര്‍ജിയ) എന്നീ മൂന്ന് വിദ്യാര്‍ത്ഥികള്‍ മികച്ച ഡിസൈനര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കന്‍ ചരിത്രം, പാരമ്പര്യം, ഐക്യം, ജനാധിപത്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചായിരുന്നു കുട്ടികള്‍ ബുക്ക്മാര്‍ക്കുകള്‍ വരച്ചത്. രാജ്യത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഉഷാ വാന്‍സ് വ്യക്തമാക്കി. ജൂണ്‍ 25 മുതല്‍ ജൂലൈ 10 വരെ നടക്കുന്ന 'ഗ്രേറ്റ് അമേരിക്കന്‍ സ്റ്റേറ്റ് ഫെയറില്‍' വെച്ച് വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.