പ്ലാനോ ആസ്ഥാനമായുള്ള സിനിമാര്‍ക്കിന് ചരിത്ര നേട്ടം; മെയ് മാസത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍

By: 600002 On: Jun 2, 2026, 9:12 AM

 

 

പി പി ചെറിയാന്‍

പ്ലാനോ: ടെക്‌സസിലെ പ്ലാനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനിമാര്‍ക്ക് ഹോള്‍ഡിംഗ്‌സ് ഇന്‍കോര്‍പ്പറേറ്റഡ് (Cinemark Holdings, Inc.), തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മെയ് മാസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വന്‍ ജനപങ്കാളിത്തവും വൈവിധ്യമാര്‍ന്ന ബിഗ് ബജറ്റ് ചിത്രങ്ങളുമാണ് കമ്പനിയെ ഈ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.

മൈക്കല്‍ (Michael - $340 മില്യണ്‍), ദി ഡെവിള്‍ വെയേഴ്‌സ് പ്രാഡ 2 (The Devil Wears Prada 2 - $209 മില്യണ്‍) എന്നീ ചിത്രങ്ങളാണ് കളക്ഷനില്‍ മുന്നില്‍. കൂടാതെ 'സ്റ്റാര്‍ വാര്‍സ്', 'മോര്‍ട്ടല്‍ കോംബാറ്റ് കക', 'ബാക്ക്‌റൂംസ്' എന്നീ സിനിമകളും മികച്ച പ്രകടനം കാഴ്ചവെച്ചു.

ടിക്കറ്റ് വില്‍പ്പനയ്ക്ക് പുറമെ, ഭക്ഷണ-പാനീയങ്ങളുടെ (Food & Beverage) വില്‍പ്പനയിലും പ്രതിശീര്‍ഷ ചിലവഴിക്കലിലും സിനിമാര്‍ക്ക് മെയ് മാസത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു.

തിയേറ്റര്‍ അനുഭവങ്ങളോട്, പ്രത്യേകിച്ച് യുവപ്രേക്ഷകര്‍ കാണിക്കുന്ന താല്പര്യമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് സിനിമാര്‍ക്ക് സി.ഇ.ഒ സീന്‍ ഗാംബിള്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന വലിയ റിലീസുകള്‍: 'ടോയ് സ്റ്റോറി 5' (ജൂണ്‍ 19), 'സൂപ്പര്‍ഗേള്‍' (ജൂണ്‍ 26), 'മോവാന' (ജൂലൈ 10).

കൂടാതെ, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി കുറഞ്ഞ നിരക്കില്‍ ($1.75) സിനിമകള്‍ കാണാന്‍ അവസരമൊരുക്കുന്ന 'സമ്മര്‍ മൂവി ക്ലബ്ബ്ഹൗസ്' പ്രോഗ്രാമും സിനിമാര്‍ക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തിയേറ്റര്‍ കമ്പനികളിലൊന്നായ സിനിമാര്‍ക്കിന് അമേരിക്കയിലെ 42 സംസ്ഥാനങ്ങളിലായി 301 തിയേറ്ററുകളും 4,219 സ്‌ക്രീനുകളുമുണ്ട്.